കള്ളവോട്ട് നടന്നെന്ന് കണ്ടെത്തിയ കേരളത്തിലെ നാല് ബൂത്തുകളില്‍ റീപോളിംഗ് നടത്താന്‍ ഉത്തരവിട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ കല്യാശ്ശേരി, തൃക്കരിപ്പൂര്‍ എന്നീ നിയോജക മണ്ഡലങ്ങളിലെ നാല് ബൂത്തുകളിലാണ് റീ പോളിംഗ് നടക്കുക. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ടമായ മെയ് 19ന്(ഞായറാഴ്ച) രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് മണിവരെ റീപോളിംഗ് നടക്കും. കാസർകോട്ടെ കല്യാശേരിയിലെ ബൂത്ത് നമ്പർ 19 പിലാത്തറ, ബൂത്ത് നമ്പർ 69 പുതിയങ്ങാടി ജുമാഅത്ത് എച്ച് എസ് നോർത്ത് ബ്‌ളോക്ക്, ബൂത്ത് നമ്പർ 70 ജുമാഅത്ത് എച്ച് എസ് സൗത്ത് ബ്‌ളോക്ക് എന്നിവിടങ്ങളിലും കണ്ണൂർ തളിപ്പറമ്പ് ബൂത്ത് നമ്പർ 166 പാമ്പുരുത്തി മാപ്പിള എ യു പി എസ് എന്നിവടങ്ങളിലുമാണ് റീ പോളിംഗ് നടത്തുന്നത്. സംസ്ഥാനത്തിന്‍റെ ചരിത്രത്തില്‍ ഇതാദ്യമായാണ് കള്ളവോട്ടിനെ തുടര്‍ന്ന് റീപോളിംഗ് നടക്കുന്നത്. റീ പോളിംഗ് നടക്കുന്നതില്‍ കണ്ണൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന കാസര്‍കോട് മണ്ഡലത്തിലെ ഒരു ബൂത്തുമുണ്ട്. വരണാധികാരിയായ കണ്ണൂര്‍ ജില്ലാ കളക്ടറാണ് ഇവിടെ തെരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിക്കുന്നത്.
Comments