നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കമാകും. ലോകസഭ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ക്കായിരിക്കും ഇനി നിയമസഭാ തലം വേദിയാകുക. നാളെ കെ എം മാണി അനുസ്മരണം മാത്രമാണ് അജണ്ട. ജൂലൈ അഞ്ച് വരെയാണ് സമ്മേളനം.
കെ മുരളീധരന്‍, അടൂര്‍ പ്രകാശ്, എ എം ആരിഫ്, ഹൈബി ഈഡന്‍ എന്നീ നാലു എംഎല്‍എമാര്‍ നാളെ സഭയിലെത്തുന്നത് നിയുക്ത എംപിമാരായിട്ട് കൂടിയാണ്. എംഎല്‍എ സ്ഥാനം രാജിവെക്കാന്‍ ഇവര്‍ക്ക് രണ്ടാഴ്ചത്തെ സമയമുണ്ട്. സമ്മേളനത്തിന്‍റെ ആദ്യ ദിനങ്ങളില്‍ നാലുപേരും സഭയിലെത്തുന്നുണ്ട്.
എംഎല്‍എമാരുടെ എണ്ണം കുറഞ്ഞെങ്കിലും സംസ്ഥാനത്തെ തകര്‍പ്പന്‍ വിജയത്തിന്‍റെ കരുത്തിലാകും പ്രതിപക്ഷനീക്കങ്ങള്‍. മൂന്നാം വര്‍ഷത്തിലേക്ക് കടന്ന സര്‍ക്കാര്‍ കനത്ത തോല്‍വിയില്‍ പ്രതിരോധത്തിലാണ്. പ്രതിപക്ഷ വിമര്‍ശനങ്ങള്‍ മുഴുവന്‍ മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ചായിരിക്കും.
സഭയില്‍ എന്‍ഡിഎ സംഖ്യ രണ്ടായെങ്കിലും ദേശീയ തലത്തിലെ വന്‍മുന്നേറ്റം പറഞ്ഞ് മാത്രം രാജഗോപാലിനും പി സി ജോര്‍ജ്ജിനും പിടിച്ചുനില്‍ക്കാനാകില്ല.
സ്ഥാനമാനങ്ങളെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കിടെയാണ് കേരള കോണ്‍ഗ്രസ് പ്രതിനിധികളുടെ സഭയിലേക്കുള്ള വരവ്. നിയമസഭാ കക്ഷിനേതാവെന്ന നിലയില്‍ മാണിയുടെ മുന്‍നിരയിലെ സീറ്റ് പി ജെ ജോസഫിന് നല്‍കണമെന്ന് പാര്‍ലമെന്‍ററി പാര്‍ട്ടി സെക്രട്ടറി മോന്‍സ് ജോസഫ് സ്പീക്കറോട് ആവശ്യപ്പെട്ടുകഴിഞ്ഞു.
Comments