പാലക്കാട് മെഡിക്കല്‍ കോളേജിലെ കരാര്‍നിയമങ്ങള്‍ സ്ഥിരപ്പെടുത്താനുളള തീരുമാനത്തിന് പുറകില്‍ ക്രമക്കേടിന് കളമൊരുങ്ങുന്നതായി സൂചന. യുഡിഎഫ് സര്‍ക്കാര്‍ നടത്തിയ കരാര്‍ നിയമനങ്ങളില്‍ ക്രമക്കേടുണ്ടെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണം പുരോഗമിക്കവെയാണ് ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭ തീരുമാനം. യോഗ്യത മാനദണ്ഡങ്ങള്‍ പാലിച്ചാണ് സ്ഥിരനിയമനെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
പാലക്കാട് ഗവ. മെഡിക്കല്‍ കോളേജില്‍ കരാറിടിസ്ഥാനത്തില്‍ നിയമിതരായ അധ്യാപകരെ പ്രത്യേക കേസായി പരിഗണിച്ച് സ്ഥിരപ്പെടുത്താന്‍ കഴിഞ്ഞ മന്ത്രിസഭ യോഗമാണ് തീരുമാനമെടുത്തത്. എം.സി.ഐ യോഗ്യതയുളളവരെ സ്ഥിരപ്പെടുത്തുമെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. എന്നാല്‍ ഇതുള്‍പ്പെടെയുളള കരാര്‍ നിയമങ്ങളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടക്കുന്ന കാര്യം മാറ്റിവച്ചാണ് സര്‍ക്കാര്‍ കരാര്‍ നിയമങ്ങള്‍ സ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നത്.
2016ല്‍ 224 തസ്തികകള്‍ സ്ഥിരപ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പാലക്കാട് വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. യുഡിഎഫ് സര്‍ക്കാര്‍ നടത്തിയ കരാര്‍ നിയമനങ്ങളില്‍ മാനദണ്ഡങ്ങളൊന്നും പാലിക്കപ്പെട്ടില്ലെന്നും ക്രമക്കേടുണ്ടെന്നും തൃശ്ശൂര്‍ വിജിലന്‍സ് കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് സ്പെഷ്യല്‍ ഓഫീസര്‍ സുബ്ബയ്യയെ ഉള്‍പ്പെടെ പ്രതി ചേര്‍ത്ത് വിജിസന്‍സ് കേസെടുത്തത്.
തുടര്‍ന്ന് വന്ന ഇടത് സര്‍ക്കാര്‍ കരാര്‍ നിയമം സ്ഥിരപ്പെടുത്താനുളള തീരുമാനം റദ്ദാക്കുകയും ചെയ്തു. എന്നാല്‍ മൂന്നുവര്‍ഷങ്ങള്‍ക്കിപ്പുറം നിയമനങ്ങള്‍ സ്ഥിരപ്പെടുത്താനുളള ഇടത് സര്‍ക്കാരിന്റെ തീരുമാനത്തിന് പുറകില്‍ വന്‍ ക്രമക്കേടെന്നാണ് ആരോപണം. എസ്‌ഇ, എസ്ടി വകുപ്പിന് കീഴിലുളള മെഡിക്കല്‍ കോളേജിലെ നിയമനങ്ങളില്‍ 153 പേരെ സ്ഥിരപ്പെടുത്താനാണ് സര്‍ക്കാര്‍ നീക്കം. മെഡി. കൗണ്‍സില്‍ അംഗീകാരത്തിന് വേണ്ടിയാണ് തിടുക്കപ്പെട്ട് തസ്തികള്‍ സ്ഥിരപ്പെടുത്തുന്നത്.
പട്ടികജാതി വകുപ്പിന് കീഴിലുളള മെഡിക്കല്‍ കോളേജില്‍ നിലവില്‍ സ്ഥിരനിയമത്തിനുളള നടപടിക്രമങ്ങളായിട്ടില്ല.മുഖ്യമന്ത്രി ചെയര്‍മാനും, വകുപ്പ് മന്ത്രി വൈസ് ചെയര്‍മാനുമായുളള സമിതിക്കാണ് കോളേജിന്റെ ഭരണ ചുമതല. മാദണ്ഡങ്ങള്‍ പാലിച്ചുമാത്രമാണ് നടപടിയെന്നാണ് വകുപ്പ് മന്ത്രി വിശദീകരിക്കുന്നത്.
Comments