കേരള കോണ്‍ഗ്രസില്‍ ചെയര്‍മാന്‍ സ്ഥാനത്തെചൊല്ലിയുള്ള തര്‍ക്കങ്ങള്‍ അയവില്ലാതെ തുടരുന്നു. പാര്‍ട്ടി ചെയര്‍മാന്‍ പദവി വേണമെന്ന നിലപാടിലുറച്ചു തുടരുകയാണ് ജോസഫ്,ജോസ് കെ.മാണി പക്ഷങ്ങള്‍. എന്നാല്‍
ചെയര്‍മാനെ തീരുമാനിക്കാതെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിക്കേണ്ടെന്ന് മാണിവിഭാഗം ആവശ്യമുന്നയിച്ചു.
ചട്ടമനുസരിച്ച് പാര്‍ട്ടി ചെയര്‍മാനാണ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിക്കേണ്ടത്. എന്നാല്‍ നിലവില്‍ ചെയര്‍മാനെ തിരഞ്ഞെടുക്കാത്തതിനാല്‍ പി.ജെ. ജോസഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിക്കുന്നത് ചെയര്‍മാനാണെന്ന് സ്ഥാപിക്കാനുള്ള നീക്കമാണെന്നാണ് മാണിവിഭാഗത്തിന്റെ ആരോപണം.
നേരത്തെ ജൂണ്‍ ഒമ്ബതിന് മുന്‍പ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിക്കാന്‍ ജോസഫ് വിഭാഗം തീരുമാനമെടുത്തിരുന്നു. ഇതിനെതിരെയാണ് മാണിവിഭാഗം രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം തന്റെ കോലംകത്തിച്ചവരുമായി യോജിച്ചുപോകാനാകില്ലെന്നാണ് ജോസഫിന്റെ നിലപാട്. പി.ജെ. ജോസഫിനെയോ സി.എഫ്. തോമസിനെയോ ചെയര്‍മാനാക്കണമെന്നാണ് ജോസഫ് പക്ഷത്തിന്റെ വാദം. സി.എഫ്. തോമസ് ചെയര്‍മാനായാല്‍ പി.ജെ. ജോസഫ് വര്‍ക്കിങ് ചെയര്‍മാനും നിയമസഭാ നേതാവുമാകും.
ജോസഫ് ചെയര്‍മാനായാല്‍ ജോസ് കെ. മാണി വര്‍ക്കിങ് ചെയര്‍മാനും സി.എഫ്. തോമസ് നിയമസഭാ കക്ഷി നേതാവുമാകും. എന്നാല്‍ ചെയര്‍മാന്‍ പദവിയില്‍ കുറഞ്ഞ ഒത്തുതീര്‍പ്പിനില്ലെന്നാണ് ജോസ് കെ. മാണി വിഭാഗം വ്യക്തമാക്കുന്നത്. വര്‍ക്കിങ് ചെയര്‍മാനാകണമെങ്കില്‍ ചെയര്‍മാന്‍ പദവി ഉറപ്പുകിട്ടണമെന്നും ജോസ് കെ. മാണി പക്ഷം ആവശ്യമുന്നയിച്ചു.
Comments