വയനാട് മണ്ഡലത്തില്‍ മൂന്ന് ദിവസമായി രാഹുല്‍ ഗാന്ധി നടത്തിയ പര്യടനം അവസാനിച്ചു. അവസാനദിവസമായ ഇന്ന് രാഹുല്‍ ഗാന്ധി കോഴിക്കോട് ജില്ലയിലെ മുക്കത്ത് നടത്തിയ റോഡ് ഷോയില്‍ ആയിരക്കണക്കിന് പേര്‍ പങ്കെടുത്തു. മൂന്ന് ദിവസം മൂന്ന് ജില്ലകളിലായി 12 ഇടങ്ങളിലാണ് രാഹുല്‍ ഗാന്ധിയും കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും ചേര്‍ന്ന് റോഡ് ഷോ നടത്തിയത്. ഇതിനിടെ വയനാട് മണ്ഡലത്തിന്‍റെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ പ്രത്യേക പ്രതിനിധി സംഘത്തെ വിളിച്ച് രാഹുല്‍ വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു.
കോഴിക്കോട് ജില്ലയിലെ രണ്ടിടങ്ങളില്‍ ആയിരുന്നു ഇന്ന് രാഹുല്‍ഗാന്ധിയുടെ റോഡ് ഷോ. രാവിലെ ഈങ്ങാപ്പുഴയില്‍ സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് പേരാണ് ഒഴുകിയെത്തിയത്. 'ഞങ്ങളുടെ നേതാവ് താങ്കളാ'ണെന്ന് വിളിച്ചുപറയുന്ന പ്ലക്കാര്‍ഡുകളുമായി ജനങ്ങള്‍. കോഴിക്കോട് മുക്കത്തായിരുന്നു അവസാന പരിപാടി.
ശനിയാഴ്ച കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുമായാണ് രാഹുല്‍ റോഡ് ഷോയ്ക്ക് എത്തിയത്. വാരാണസി എത്ര പ്രിയപ്പെട്ടതാണോ അത്രയും പ്രിയപ്പെട്ടതാണ് കേരളവുമെന്ന മോദിയുടെ പ്രസ്താവനയെ രാഹുല്‍ പരിഹസിച്ചു. വാരാണസിയെപ്പോലെ പ്രിയപ്പെട്ടതാണെന്ന് പറയും, പക്ഷേ മോദി കേരളത്തെ പരിഗണിക്കില്ലെന്ന് രാഹുല്‍ പറഞ്ഞു. ഇടത് ജനപ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തണമെന്ന് താന്‍ ആഗ്രഹിക്കുന്നുണ്ട്. വ്യത്യസ്ത രാഷ്ട്രീയ ചായ്‍വുകളുള്ള ജനതയാണ് കേരളത്തിലേത്. പക്ഷേ ഒരാവശ്യം വന്നാല്‍ എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിക്കും. ഇന്നലെ വയനാട്ടിലെ ഇടത് എംഎല്‍എ എന്നെ വന്ന് കണ്ടതില്‍ എനിക്ക് സന്തോഷമുണ്ടെന്നും ഇതിലൂടെ വയനാടിന്‍റെ വികസനപ്രശ്നങ്ങള്‍ നേരിട്ട് അറിയാന്‍ കഴിഞ്ഞെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
Comments