രാജ്യത്തെ നടുക്കിയ കത്വ കൂട്ട ബലാൽസംഗക്കേസിൽ ഏഴിൽ ആറ് പേർ കുറ്റക്കാരാണെന്ന് പഠാൻ കോട്ട് പ്രത്യേക കോടതി. കേസിൽ ഒരാളെ വെറുതെ വിട്ടു. പ്രതികൾക്കുള്ള ശിക്ഷ ഇന്ന് തന്നെ വിധിക്കാനാണ് സാധ്യത. ഉച്ചയ്ക്ക് രണ്ട് മണിയോടെ വിധി പ്രസ്താവം പ്രതീക്ഷിക്കുന്നുണ്ട്. കുട്ടിയെ ബലാത്സംഗം ചെയ്യാൻ ആസൂത്രണം ചെയ്ത മുഖ്യപ്രതിയും ക്ഷേത്രപൂജാരിയുമായ സാഞ്ചി റാമും, കുട്ടിയെ ബലാത്സംഗം ചെയ്തെന്ന് പൊലീസ് കണ്ടെത്തിയ ആനന്ദ് ദത്ത, പർവേഷ് കുമാർ അഥവാ മന്നു, എന്നീ പ്രതികളും മൂന്ന് പൊലീസുദ്യോഗസ്ഥരും കുറ്റക്കാരെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. സ്പെഷ്യൽ പൊലീസ് ഓഫീസറായ ദീപക് ഖജുരിയ കുട്ടിയെ ബലാത്സംഗം ചെയ്തിരുന്നു. ഇയാളും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. സബ് ഇൻസ്പെക്ടർ സുരേന്ദർ വെർമ, ഹെഡ് കോൺസ്റ്റബിൾ തിലക് രാജ് എന്നീ പൊലീസുദ്യോഗസ്ഥർക്കെതിരെ സംഭവം ഒതുക്കിത്തീർക്കാൻ ശ്രമിച്ചെന്നതാണ് കേസ്. അതേസമയം, സാഞ്ചിറാമിന്‍റെ മരുമകൻ വിശാലിനെ കോടതി വെറുതെ വിട്ടു. കുട്ടിയെ ബലാത്സംഗം ചെയ്യാൻ പ്രതികൾ ഇയാളെ മീററ്റിൽ നിന്ന് വിളിച്ചുവരുത്തിയെന്നാണ് പൊലീസ് കണ്ടെത്തിയത്. ഇത് സംശയരഹിതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി പറഞ്ഞു.
Comments