ക്ഷീണിച്ച കോണ്‍ഗ്രസിനെക്കൊണ്ട് രാജ്യത്തെ മുസ്ലിം ന്യൂനപക്ഷത്തിന് ഉപയോഗമില്ലെന്ന് എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീന്‍ ഒവൈസി. കോണ്‍ഗ്രസ് രാഷ്ട്രീയമായി ദുര്‍ബലപ്പെടുന്ന സാഹചര്യത്തില്‍ മുസ്ലിംകള്‍ ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ വോട്ടുകള്‍ എവിടേക്കാണ് പോകുന്നതെന്ന് മുസ്ലിം സമൂഹം ഗൗരവമായി പരിശോധിക്കണം. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതേതര പാര്‍ട്ടികളെ ഉപേക്ഷിക്കരുത്. പക്ഷേ, ജനങ്ങളുടെ അഭിലാഷം നിറവേറ്റാന്‍ അവര്‍ക്കാകുന്നില്ലെന്ന് മനസ്സിലാക്കണം. നിലവില്‍ പ്രാദേശിക പാര്‍ട്ടികള്‍ക്ക് മാത്രമാണ് ബിജെപിയെ നേരിടാനുള്ള ശക്തിയുള്ളത്. അമേത്തിയില്‍ തോറ്റ രാഹുല്‍ മുസ്ലിം വോട്ട് നേടിയാണ് വയനാട്ടില്‍ വിജയിച്ചത്. മതേതരത്വത്തിന്‍റെ പേരില്‍ കോണ്‍ഗ്രസ് ന്യൂനപക്ഷ വോട്ടുകള്‍ സ്വന്തമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക പാര്‍ട്ടികള്‍ ശക്തിപ്പെട്ടതിനാലാണ് ദക്ഷിണേന്ത്യയില്‍ ബിജെപി കൂറ്റന്‍ വിജയം സ്വന്തമാക്കാതെ പോയതെന്നും അദ്ദേഹം പറഞ്ഞു.
Comments