അന്തർ സംസ്ഥാന സ്വകാര്യ ബസുകളുടെ പണിമുടക്ക് തുടരുന്നതിനാൽ കെഎസ്ആർടിസി ബസുകളിൽ യാത്രക്കാരുടെ എണ്ണം കൂടി. ബെംഗലൂരുവിലേക്കുളള ശരാശരി യാത്രക്കാരുടെ എണ്ണത്തിൽ ഇരട്ടിയിലധികമാണ് വർധന. തിരക്ക് നേരിടാൻ കേരള കർണാടക ആർടിസികൾ അമ്പതോളം അധിക സർവീസുകളാണ് നടത്തുന്നത്. യാത്രക്കാർക്ക് ബുദ്ധിമുട്ടൊന്നും ഇല്ലാതാക്കാനാണ് കെഎസ്ആർടിസിയുടെ ശ്രമം. നാട്ടിലെത്താൻ സ്വകാര്യ ബസുകളെ ആശ്രയിച്ചിരുന്നവർ യാത്ര സർക്കാർ ബസുകളിലാക്കി. സാധാരണ ദിവസങ്ങളിൽ ബെംഗളൂരുവിലേക്കും തിരിച്ചുമായി ശരാശരി ആയിരം യാത്രക്കാർ വരെയാണ് കെഎസ്ആർടിസിൽ കയറാറുള്ളതെങ്കിൽ നാല് ദിവസമായി അത് 2500 കടന്നു. തിരക്ക് നേരിടാൻ ആലപ്പുഴക്കും ചങ്ങനാശ്ശേരിക്കും സ്പെഷ്യൽ സർവീസുകൾ തുടങ്ങി.
Comments