രണ്ടായിരത്തിലേറെ എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതോടെ കെഎസ്‌ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം. സുപ്രീം കോടതി അനുവദിച്ച സമയം കഴിഞ്ഞതോടെ 2,108 എംപാനല്‍ ഡ്രൈവര്‍മാരെയാണ് കെഎസ്‌ആര്‍ടിസി കഴിഞ്ഞദിവസം പിരിച്ചുവിട്ടത്. ഇത് സംസ്ഥാനത്ത് ഉടനീളമുള്ള സര്‍വീസുകളെ ബാധിച്ചു.
അവധി ദിനമായ ഇന്ന് തെക്കന്‍ കേരളത്തില്‍ മാത്രം ഉച്ച വരെ 200ലേറെ സര്‍വ്വീസുകള്‍ മുടങ്ങി. പ്രവൃത്തി ദിനമായ നാളെയാകും കടുത്ത പ്രശ്നം. നാളെ അവധിയായ ജീവനക്കാരോട് ഉടനത് റദ്ദാക്കി ജോലിക്ക് ഹാജരാകാന്‍ കെഎസ്‍ആര്‍ടിസി എംഡി നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാളെയോടെ സംസ്ഥാനത്ത് 500ലധികം സര്‍വീസുകള്‍ റദ്ദാക്കേണ്ടി വരുമെന്നാണ് കെഎസ്‌ആര്‍ടിസി നല്‍കുന്ന വിവരം. ഇത് യാത്രാദുരിതം വര്‍ധിപ്പിക്കും.
പ്രതിസന്ധി മറികടക്കാന്‍ എന്തു ചെയ്യുമെന്നതില്‍ സര്‍ക്കാറിനും ആശങ്കയുണ്ട്. പിരിച്ചുവിട്ടവരെ വീണ്ടും കരാര്‍ അടിസ്ഥാനത്തില്‍ തിരിച്ചുനിയമിക്കുന്നതിന്‍റെ സാധ്യത ഗതാഗതവകുപ്പ് പരിശോധിക്കുന്നുണ്ട്. അതേ സമയം പിഎസ്‍സി റാങ്ക് പട്ടികയില്‍ നിന്നും താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ട ഡ്രൈവര്‍മാര്‍ നല്‍കിയ ഹര്‍ജി നാളെ ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ഈ കേസിലെ കോടതി നിലപാട് കൂടി അറിഞ്ഞാകും തുടര്‍നീക്കം. അതായത്, അതുവരെ കെഎസ്‌ആടിസിയില്‍ കടുത്ത പ്രതിസന്ധിയുണ്ടാകുമെന്ന് ചുരുക്കം.
പിഎസ്‍സി റാങ്ക് പട്ടികയിലുള്ളവരുടെ പരാതിയിലാണ് 3,861 എംപാനല്‍ കണ്ടക്ടര്‍മാര്‍ക്കു പിന്നാലെ ഡ്രൈവര്‍മാരെയും പിരിച്ചുവിടാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കിയെങ്കിലും പിരിച്ചുവിടാന്‍ 30 വരെ സാവകാശം ലഭിച്ചതേയുള്ളൂ.
Comments