കൊച്ചിയില്‍ സിപിഐ മാര്‍ച്ചിനു നേരെയുണ്ടായ പോലീസ് ലാത്തിച്ചാര്‍ജില്‍ നടപടി. കൊച്ചി സെന്‍ട്രല്‍ എസ്.ഐ വിപിന്‍ ദാസിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. എറണാകുളം ഡിഐജിയുടെ ഉത്തരവിലാണ് ഒടുവില്‍ നടപടി ഉണ്ടായിരിക്കുന്നത്. സിപിഐ എംഎല്‍എ എല്‍ദോ ഏബ്രാഹമിനു മര്‍ദ്ദനമേറ്റത് എസ്‌ഐയുടെ അശ്രദ്ധമൂലമാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് സിപിഐയുടെ വന്‍ പ്രതിഷേധത്തിനൊടുവില്‍ നടപടി ഉണ്ടായിരിക്കുന്നത്.
ലാത്തിച്ചാര്‍ജില്‍ സിപിഐയുടെ മുതിര്‍ന്ന നേതാക്കള്‍ക്കു മര്‍ദ്ദനമേറ്റ സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ നടപടി വേണ്ടെന്ന ഡിജിപി റിപ്പോര്‍ട്ട് പുറത്ത് വന്നത് വന്‍ പ്രതിഷേധത്തിനു വഴിയൊരുക്കിയിരുന്നു. ലാത്തിച്ചാര്‍ജില്‍ പോലീസിന്റെ ഭാഗത്ത് വീഴ്ചയില്ലെന്നും നടപടി ആവശ്യമില്ലെന്നുമായിരുന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. പോലീസിനെ വെള്ളപൂശിയാണ് കളക്ടര്‍ എസ്. സുഹാസ് റിപ്പോര്‍ട്ട് നല്‍കിയത്.
എ.സി.പി. ലാല്‍ജി, എസ്.ഐ. വിപിന്‍ദാസ് എന്നിവര്‍ക്കെതിരേയും ജില്ലാ സെക്രട്ടറി പി. രാജുവിനെ പരസ്യമായി അപമാനിച്ച ഞാറക്കല്‍ സി.ഐ. മുരളിക്കെതിരേയും നടപടിയുണ്ടാകുമെന്നായിരുന്നു സിപിഐയുടെ വിശ്വാസം. അതിനിടെ പോലീസിനെതിരെ നടപടിയില്ലെന്നത് സിപിഐ ജില്ലാ നേതൃത്വത്തേയും ഞെട്ടിച്ചിരുന്നു.
കാനം രാജേന്ദ്രന്‍ ജില്ലാ നേതൃത്വത്തെ കൈയൊഴിഞ്ഞതും കലക്ടര്‍ എസ്. സുഹാസ് നല്‍കിയ റിപ്പോര്‍ട്ടില്‍ പോലീസിനെ വെള്ളപൂശിയതുമാണ് ജില്ലയിലെ സി.പി.ഐ നേതൃത്വത്തിനു തിരിച്ചടിയായത്. സംസ്ഥാനത്തുതന്നെ കാനം വിരുദ്ധ വിഭാഗം സി.പി.ഐയെ നയിക്കുന്ന ഏക ജില്ലയാണ് എറണാകുളം.
ലാത്തിച്ചാര്‍ജിനുപിന്നാലെ സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാടുകള്‍ വിമര്‍ശനവിധേയമായിരുന്നു. സി.പി.ഐ. നേതാക്കള്‍ക്ക് മര്‍ദനമേറ്റതായി പരസ്യമായി പറയാന്‍ അദ്ദേഹം ഒരിക്കല്‍പ്പോലും കൂട്ടാക്കിയില്ല. പോലീസുകാര്‍ക്കെതിരേ ശക്തമായ നടപടി വേണമെന്നും ആവശ്യപ്പെട്ടില്ല. ഇത് ജില്ലാ നേതൃത്വത്തെ വെട്ടിലാക്കിയിരുന്നു. കാനം പക്ഷത്തെ പ്രമുഖനാണെങ്കിലും ജില്ലാ നേതൃത്വവുമായി ചേര്‍ന്ന് എല്‍ദോ പരസ്യമായി പോലീസിനെ എതിരിട്ടതില്‍ കാനത്തിന് കടുത്ത അമര്‍ഷമുണ്ടായിരുന്നു.
Comments