You are Here : Home / News Plus

ബാരാപോള്‍ ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണത്തില്‍ ക്രമക്കേട്

Text Size  

Story Dated: Sunday, September 22, 2019 05:38 hrs UTC

138 കോടി രൂപ ചെലവിട്ട് നടപ്പാക്കിയ ബാരാപോള്‍ ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണത്തില്‍ ക്രമക്കേട് നടന്നതായി ആരോപണം. യുഡിഎഫ് സര്‍ക്കാര്‍ ഉദ്ഘാടനം ചെയ്ത പദ്ധതി കനാലിലെ ചോര്‍ച്ചയെ തുടര്‍ന്ന് ഇതുവരെ പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടി സിപിഎം ഏരിയ കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. അതേസമയം പൈപ്പിങ് പ്രതിഭാസമാണ് ചോര്‍ച്ചക്ക് കാരണമെന്നാണ് കെഎസ്‌ഇബിയുടെ വിശദീകരണം.

കരിങ്കല്‍ക്കെട്ടിനുള്ളില്‍ കോണ്‍ക്രീറ്റ് ചെയ്താണ് വെള്ളം ഒഴുകി പോകാനുള്ള കനാല്‍ നിര്‍മ്മിച്ചിരിക്കുന്നത്. പക്ഷേ കനാലിന്‍റെ പകുതി ദൂരം വരെ മാത്രമേ ഇങ്ങനെയുള്ളൂ. ബാക്കി ദൂരം ഭിത്തിയില്‍ പ്ലാസ്റ്ററിംഗ് ചെയ്താണ് നിര്‍മ്മിച്ചിരിക്കുന്നത്. ചെലവ് കുറഞ്ഞ രീതിയെന്ന നിലയിലാണ് ഇങ്ങനെ ചെയ്തതെന്ന് കെഎസ്‌ഇബി വിശദീകരിക്കുന്നു. ഈ ഭാഗത്തെ നിര്‍മ്മാണത്തില്‍ ക്രമക്കേട് നടന്നതായാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം.

കനാലിന്‍റെ ഈ ഭാഗത്ത് ശക്തമായ ചോര്‍ച്ചയാണ് അനുഭവപ്പെടുന്നത്. മഴ പെയ്താല്‍ വീടുകളില്‍ വെള്ളമെത്തും. പലയിടത്തും വിള്ളലുകള്‍ പുറത്തേക്ക് കാണാം. രണ്ട് തവണകളിലായുണ്ടായ മലവെള്ളപ്പാച്ചിലില്‍ ചോര്‍ച്ച വലിയ ഭീഷണിയുണ്ടാക്കി.

കരിങ്കല്ലില്‍ തീര്‍ത്ത സുരക്ഷാഭിത്തി പാടെ തകര്‍ന്ന് നിലം പൊത്തി. ഇതുവരെ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. 2016ല്‍ ഉദ്ഘാടനം ചെയ്ത പദ്ധതിയുടെ വെള്ളമൊഴുക്ക് നിയന്ത്രിക്കേണ്ട ഷട്ടറുകള്‍ക്കിടയിലൂടെയും ചോര്‍ച്ചയുണ്ട്. ഇവിടെ വെള്ളം പൂര്‍ണമായി നിയന്ത്രിച്ച്‌ നിര്‍ത്താനാവില്ല.

3 ജനറേറ്ററുകളിലായി 15 മെഗാവാട്ട് വൈദ്യുതി ഉദ്പാദിപ്പിക്കേണ്ടിടത്ത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് രണ്ടെണ്ണം മാത്രം. കേബിള്‍ തകരാറെന്നാണ് കെഎസ്‌ഇബിയുടെ വിശദീകരണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.