മരടിലെ 84 ഫ്ളാറ്റ് ഉടമകളെ കുറിച്ച് ഒരു വിവരവുമില്ല . അവര്‍ ആരാണെന്നോ എവിടെ നിന്നുള്ള വരാണെന്നോ ഒരു വിവരവുമില്ലെന്ന് അധികൃതര്‍. മരടില്‍ 343 ഫ്‌ളാറ്റുകളില്‍ 325 ഉടമകളാണ് ഉള്ളത്. നഷ്ടപരിഹാര അപേക്ഷ എത്തിയത് 241. ഇതില്‍ 214 അപേക്ഷകള്‍ കമ്മിറ്റിക്കു കൈമാറി. 5 എണ്ണം ഇന്നു കൈമാറും. രേഖകള്‍ കിട്ടാത്തതിനാല്‍ 10 എണ്ണം മാറ്റി വച്ചിരിക്കുകയാണ്. 20 പേര്‍ വിദേശത്താണ്. അടുത്ത ദിവസങ്ങളില്‍ അവരെത്തും എന്നു കരുതുന്നു. 84 ഫ്‌ളാറ്റുകളുടെ ഉടമകള്‍ ഇനിയും എത്തിയിട്ടില്ല. ഇവരെക്കുറിച്ച് ഒരു വിവരവും ഇല്ലെന്ന് സ്‌നേഹില്‍കുമാര്‍ സിങ് പറഞ്ഞു. ജെയ്ന്‍ കോറല്‍ കോവിലെ ഒരു ഫ്‌ളാറ്റ് ഉടമ പോലും സ്വന്തം പേരില്‍ ഫ്‌ളാറ്റ് റജിസ്റ്റര്‍ ചെയ്തിട്ടില്ല. എന്നിട്ടും മാനുഷിക പരിഗണനയില്‍ ഇവര്‍ക്കും നഷ്ടപരിഹാരത്തിന് അര്‍ഹത കിട്ടിയിട്ടുണ്ട്.
പൊളിക്കലുമായി ബന്ധപ്പെട്ട എല്ലാ നടപടികളും ജനുവരി 9നു മുന്‍പു പൂര്‍ത്തിയാക്കാന്‍ സാധിക്കും വിധമാണു കാര്യങ്ങള്‍ പുരോഗമിക്കുന്നത്. കായല്‍ മലിനമാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും. പൊളിക്കാന്‍ തീരുമാനിച്ച ഫ്‌ളാറ്റ് സമുച്ചയത്തില്‍ ശുചിമുറി മാലിന്യ സംസ്‌കരണ പ്ലാന്റ് ഇല്ലാത്തത് അദ്ഭുതപ്പെടുത്തിയെന്ന് സ്‌നേഹില്‍കുമാര്‍ സിങ് പറഞ്ഞു. പൊളിക്കുന്നതിനു മുന്നോടിയായി സെപ്റ്റിക് ടാങ്കുകളും മാലിന്യമുക്തമാക്കും. പൊളിച്ചിടുന്ന അവശിഷ്ടം നീക്കം ചെയ്യാന്‍ ടെന്‍ഡര്‍ വിളിക്കും. ഹോളി ഫെയ്ത്ത് ഫ്‌ലാറ്റിനു തൊട്ടടുത്ത വീട്, ഗോള്‍ഡന്‍ കായലോരത്തിനു സമീപത്തെ അങ്കണവാടി, ജെയ്ന്‍ കോറല്‍ കോവിനു സമീപത്തെ വീട് എന്നിവയ്ക്കു സുരക്ഷാ കവചം ഒരുക്കും.
Comments