അട്ടക്കുളങ്ങര ബുഹാരി ഹോട്ടലില്‍ വീണ്ടും ഭക്ഷ്യവിഷബാധ. ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച കുട്ടികളടക്കം 9 പേര്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ഇതേതുടര്‍ന്ന് ഹോട്ടല്‍ കോര്‍പറേഷന്‍ ആരോഗ്യവിഭാഗം അധികൃതരെത്തി അടപ്പിച്ചു.
ഞായറാഴ്ച്ച രാവിലെ ബുഹാരി ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയ രണ്ട് കുടുംബങ്ങളിലെ ഒന്‍പത് പേരാണ് വിഷബാധയെത്തുടര്‍ന്ന് ആശുപത്രിയിലായത്. ഭക്ഷണം ആദ്യം കഴിച്ച കുട്ടികള്‍ അവിടെ വച്ചു തന്നെ ഛര്‍ദ്ദിക്കുകയും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തു.
കുട്ടികള്‍ക്ക് വയ്യാതായതോടെ ഒപ്പമുണ്ടായിരുന്ന മുതിര്‍ന്നവര്‍ ഹോട്ടലില്‍ വച്ചു തന്നെ പ്രതിഷേധിക്കുകയും ബഹളം വയ്ക്കുകയും ചെയ്തു. ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരേയും തിരുവനന്തപുരം ഈസ്റ്റ് ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലും വിവരം അറിയിച്ചെങ്കിലും ആരും സംഭവസ്ഥലത്തേക്ക് എത്തിയില്ലെന്ന്് പറയുന്നു.
പരാതി ഒതുക്കാനും വിളമ്ബിയ ഭക്ഷണം തിരിച്ചെടുക്കാനും ഹോട്ടല്‍ ജീവനക്കാര്‍ ശ്രമിച്ചെങ്കിലും പരാതിക്കാര്‍ അതിനു തയ്യാറായില്ല. എന്നാല്‍ അടുക്കളയിലുണ്ടായിരുന്ന മറ്റു ഭക്ഷണസാധനങ്ങളെല്ലാം ഹോട്ടലുകാര്‍ മാറ്റിയതായി ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍ പറയുന്നു. ചിക്കനില്‍ നിന്നും രൂക്ഷഗന്ധം ഉണ്ടായെന്നും പറയുന്നു.
എല്ലാം കഴിഞ്ഞതിന് ശേഷം ആരോഗ്യവിഭാഗം അധികൃതര്‍ ഹോട്ടലില്‍ എത്തുകയും ഹോട്ടല്‍ അടപ്പിക്കുകയായിരുന്നു.
നേരത്തേയും പലവട്ടം വൃത്തിഹീനമായ ഭക്ഷണം വിളമ്ബി കുപ്രസിദ്ധി നേടിയ ഈ ഹോട്ടലാണ് തിരുവനന്തപുരം കിഴക്കേക്കോട്ടയ്ക്ക് അടുത്ത് അട്ടക്കുളങ്ങര ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ബുഹാരി ഹോട്ടല്‍.
Comments