You are Here : Home / News Plus

പാകിസ്താനെതിരെ ആഞ്ഞടിച്ച്‌ യുഎന്‍ ഘടകം

Text Size  

Story Dated: Sunday, December 15, 2019 09:57 hrs UTC

മതന്യൂനപക്ഷങ്ങളോടുള്ള പാകിസ്താന്റെ വിവേചനപരമായ നിലപാടുകള്‍ക്കെതിരെ ആഞ്ഞടിച്ച്‌ യുഎന്‍ ഘടകം. തീവ്രവാദ മനോഭാവമുള്ളവര്‍ക്ക് സര്‍ക്കാര്‍ അവസരം ഉണ്ടാക്കിക്കൊടുത്തതായും മതന്യൂനപക്ഷങ്ങള്‍ക്ക് എതിരെ പ്രവര്‍ത്തിക്കാന്‍ സഹായിച്ചതായും യുണൈറ്റഡ് നേഷന്‍സ് കമ്മീഷന്‍ ഓണ്‍ ദി സ്റ്റാറ്റസ് ഓഫ് വുമണ്‍ (സിഎസ്ഡബ്ല്യു) കുറ്റപ്പെടുത്തി. മതനിന്ദ നിയമങ്ങള്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് ഉപയോഗിച്ചതായും വിമര്‍ശനമുണ്ട്.

റിലീജിയസ് ഫ്രീഡം അണ്ടര്‍ അറ്റാക്ക് എന്ന തലക്കെട്ടില്‍ സിഎസ്ഡബ്ല്യു പ്രസിദ്ധീകരിച്ച 47 പേജുള്ള റിപ്പോര്‍ട്ടില്‍ പാകിസ്ഥാനെതിരെ ഗുരുതര ആരോപണങ്ങാണ് ഉന്നയിച്ചിരിക്കുന്നത്. മതനിന്ദ നിയമങ്ങള്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കും ന്യൂനപക്ഷങ്ങളെ ഉപദ്രവിക്കാനും ഉപയോഗിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ ന്യൂനപക്ഷങ്ങളെ രണ്ടാംകിട പൗരന്മാരായി ചിത്രീകരിക്കുന്നതായി വ്യക്തമാക്കുന്ന നിരവധി ഉദാഹരണങ്ങള്‍ ഉദ്ധരിച്ചാണ് കമ്മീഷന്റെ റിപ്പോര്‍ട്ട്.

അതിക്രമങ്ങള്‍ തടയുന്നതിനും മതപരമായ ആക്രമണങ്ങളില്‍ ഏര്‍പ്പെടുന്നവരെ ശിക്ഷിക്കുന്നതിനും കൂടുതല്‍ ഫലപ്രദമായ നടപടികള്‍ കൈക്കൊള്ളാന്‍ സിഎസ്ഡബ്ല്യു പാകിസ്ഥാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.പാകിസ്താനിലെ ക്രിസ്ത്യന്‍, ഹിന്ദു സമുദായങ്ങള്‍, പ്രത്യേകിച്ച്‌ സ്ത്രീകളും പെണ്‍കുട്ടികളും ദുര്‍ബലരാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. കുറ്റകൃത്യങ്ങളില്‍ നടപടിയെടുക്കുന്നതില്‍ പോലീസിന്റെ വീഴ്ച, ജുഡീഷ്യല്‍ സംവിധാനത്തിന്റെ ബലഹീനത, മതന്യൂനപക്ഷ ഇരകളോട് പോലീസും ജുഡീഷ്യറിയും കാണിക്കുന്ന വിവേചനം തുടങ്ങിയവയും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.