പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം കനത്തതോടെ മംഗളൂരുവിൽ റിപ്പോര്‍ട്ടിംഗിനെത്തിയ മാധ്യമപ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.പ്രതിഷേധക്കാർക്ക് നേരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ രണ്ട് പേര് കൊല്ലപ്പെട്ടതിന് പിന്നാലെ മംഗളുരുവില്‍ കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാണ് മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്തത്. മലയാള മാധ്യമപ്രവർത്തകരടക്കം നിരവധിപേർ കസ്റ്റഡിയിലാണ്. മംഗളൂരു സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മംഗളൂരൂ കമ്മീഷണറേറ്റ് പരിധിയില്‍ മുഴുവന്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. നേരത്തെ അഞ്ച് പൊലീസ് സ്റ്റേഷന് പരിധിയില്‍ മാത്രമായിരുന്നു കര്‍ഫ്യൂ. മംഗളൂരു വെന്‍ലോക്ക് ആശുപത്രി പരിസരത്ത് നിന്നുമാണ് മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്തത്. ക്യാമറയടക്കമുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു. പൊലീസ് ബലം പ്രയോഗിച്ച് റിപ്പോര്‍ട്ടിംഗ് തടഞ്ഞു. മാതൃഭൂമി, ഏഷ്യാനെറ്റ്,മീഡിയാവൺ , 24 ന്യൂസ് ചാനൽ എന്നിവയുടെ പത്ത് പേരടങ്ങുന്ന വാര്‍ത്താസംഘത്തെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.ഇന്നലെ പൊലീസ് വെടിവയ്പ്പിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടി റിപ്പോർട്ട് ചെയ്യുകയായിരുന്നു ഇവർ. ആദ്യം അക്രഡിറ്റേഷന് ഉള്ള മാധ്യമപ്രവര്‍ത്തകരെ പരിസരത്ത് നില്ക്കാന് അനുവദിച്ചെങ്കിലും പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പൊലീസ് രൂക്ഷമായി പെരുമാറുകയായിരുന്നു
Comments