കേരളത്തില്‍ കൊറോണ രോഗബാധയേറ്റ് മരണപ്പെട്ട തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി നിരവധിപേരുമായി ബന്ധപ്പെട്ടെന്ന് സംശയം. ഇയാളുടെ മൃതദേഹവും ലോകാരോഗ്യ സംഘടന പുറത്തുവിട്ട പ്രോട്ടോക്കോള്‍ പ്രകാരം കനത്ത സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ സംസ്കരിക്കൂ എന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്‍റെയും ജില്ലാ മെഡിക്കല്‍ ഓഫീസറുടേയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്‍റെയും നേതൃത്വത്തിലുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
ഇതേ സമയം വിദേശത്ത് പോകുകയോ വിദേശത്ത് പോയവരുമായി ബന്ധപ്പെടുകയോ ചെയ്യാതിരുന്ന ഇയാള്‍ക്ക് രോഗബാധ എങ്ങനെ ഉണ്ടായെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.
മാര്‍ച്ച് 18നാണ് അബ്ദുള്‍ അസീസ് ജലദോഷം ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് വേങ്ങോട് പ്രഥമിക ആരോഗ്യകേന്ദ്രത്തില്‍ പോയത്. 21ന് ഉച്ചയ്ക്ക് വീണ്ടും ഇതേ ആശുപത്രിയില്‍ പോകുകയും രക്ത പരിശോധന നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ രോഗം കണ്ടെത്തിയില്ല. 23 ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ഇദ്ദേഹത്തെ ഇവിടെ നിന്ന് നേരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
14ാം തിയ്യതി അബ്ദുള്‍ അസീസ് അയിരുപ്പാറ ഫാര്‍മേഴ്‌സ് ബാങ്കില്‍ നൂറോളം പേരോടൊപ്പം ചിട്ടി ലേലത്തില്‍ പങ്കെടുത്തിരുന്നു. രണ്ട് വെള്ളിയാഴ്ചകളില്‍ ഉച്ച നമസ്‌കാരത്തിലും ഇദ്ദേഹം പങ്കെടുത്തിരുന്നു. പ്രഥമിക ആരോഗ്യകേന്ദ്രത്തിലെയും ഫാര്‍മേഴ്‌സ് ബാങ്കിലെയും ജീവനക്കാരെ നിരീക്ഷണത്തിലേക്ക് മാറ്റിക്കഴിഞ്ഞു.
ഇദ്ദേഹത്തിന്റെ ഭാര്യ കുടുംബശ്രീയോഗത്തില്‍ പങ്കെടുത്തിരുന്നതായും മകള്‍ കെ.എസ്.ആര്‍.ടി ബസ് കണ്ടക്ടറാണെന്നും സര്‍വ്വീസ് നിര്‍ത്തിവയ്ക്കുന്നതുവരെ ജോലിക്ക് പോയിരുന്നതായും പോത്തന്‍കോട് പഞ്ചായത്ത് അംഗം ബാലമുരളി മാതൃഭൂമി ന്യൂസിനോട് വെളിപ്പെടുത്തി. പ്രദേശത്തെ ജനങ്ങള്‍ കടുത്ത ആശങ്കയിലാണെന്നും സമൂഹ വ്യാപനം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ബാലമുരളി കൂട്ടിച്ചേര്‍ത്തു.
Comments