You are Here : Home / News Plus

ഇന്ന് 9 പേര്‍ക്ക് കൂടി കൊവിഡ്

Text Size  

Story Dated: Friday, April 03, 2020 04:55 hrs UTC

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒന്‍പത് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ഏഴ് പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. കണ്ണൂരിലും തൃശൂരിലും ഓരോരുത്തര്‍ക്ക് വീതവും രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ മൂന്ന് പേര്‍ നിസാമുദീനിലെ തബ്ലീഗ് മതസമ്മേളനത്തില്‍ പങ്കെടുത്തവരാണ്. ഒരാള്‍ ഗുജറാത്തില്‍ നിന്ന് വന്നയാളുമാണ്. സംസ്ഥാനത്ത് ഇതുവരെ 295 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 251 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് 14 പേര്‍ക്ക് രോഗം ഭേദമായി. കണ്ണൂരില്‍ ചികിത്സയിലായിരുന്ന അഞ്ച് പേര്‍ക്കും കാസര്‍ഗോഡ് ചികിത്സയിലായിരുന്ന 3 പേര്‍ക്കും രോഗം ഭേദമായി ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ 2 പേര്‍ക്ക് വീതവും കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഓരോരുത്തര്‍ക്ക് വീതവും രോഗം ഭേദമായി. കൊവിഡ് ബാധിതരെ ചികിത്സിക്കുന്നതിനിടെ രോഗബാധിതയായ നേഴ്‌സാണ് ഇന്ന് രോഗമുക്തി നേടിയവരില്‍ ഒരാളെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കോട്ടയത്ത് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികളും ഇന്ന് ആശുപത്രി വിട്ടു. ഇത് നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെ നേട്ടമാണ്.

 

ഇക്കാര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 169997 ആകെ പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. ഇതില്‍ 169291 പേര്‍ വീട്ടിലും 706 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നു. ഇന്ന് 154 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 9134 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. അതില്‍ 8126 സാംപിളുകള്‍ രോഗബാധയില്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. പരിശോധന കൂടുതല്‍ വിപുലമാക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. റാപ്പിഡ് ടെസ്റ്റും വര്‍ദ്ധിപ്പിക്കും. സംസ്ഥാനത്തേക്കുള്ള ചരക്കുലോറികളുടെ വരവില്‍ നേരിയ തോതില്‍ കുറവുണ്ടായിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ചിലയിടങ്ങളില്‍ വിലക്കയറ്റം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് പരിഹരിക്കാന്‍ കൂടുതല്‍ പച്ചക്കറി എത്തിക്കാനും സംസ്ഥാനത്തുള്ള പച്ചക്കറി ശേഖരിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ സംബന്ധിച്ച സംസ്ഥാനത്തിന്റെ നിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കാന്‍ 17 അംഗ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. മുന്‍ ചീഫ് സെക്രട്ടറി കെ.എം ഏബ്രഹാമാണ് സമിതിയുടെ അധ്യക്ഷന്‍. അംഗങ്ങളായി അടൂര്‍ ഗോപാലകൃഷ്ണന്‍, മുരളി തുമ്മാരുകുടി, ബിഷപ്പ് മാത്യൂ അറയ്ക്കല്‍, ബി. ഇക്ബാല്‍ ഡോ. ഫസല്‍ ഗഫൂര്‍ തുടങ്ങിയവര്‍ അംഗങ്ങളായിരിക്കും. മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോണ്‍ഫറണ്‍സില്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചത് പ്രകാരമാണ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.