എമര്‍ജിംഗ് കേരള പരാജയമാണെന്ന് വിലയിരുത്താനാകില്ലെന്ന് വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി. ഐ.ടി.മേഖലക്ക് ഉണര്‍വേകാന്‍ എമര്‍ജിംഗ് കേരളക്ക് സാധിച്ചിട്ടുണ്ട്. ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം കാര്യങ്ങള്‍ വിലയിരുത്തുന്നത് ശരിയല്ലെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. പുകക്കുഴല്‍ വ്യവസായമല്ല എമര്‍ജിംഗ് കേരളകൊണ്ട് ഉദ്ദേശിച്ചത്. ന്യൂജനറേഷന്‍ വ്യവസായങ്ങളാണ് ഇനി വരികയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളത്തിലേക്ക് വിദേശ നിക്ഷേപം ആകര്‍ഷിക്കാനെന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച എമര്‍ജിങ് കേരള പൂര്‍ണ്ണമായും പരാജയപ്പെട്ടതായി വിവരാവകാശ രേഖകളുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ടര്‍ വാര്‍ത്തനല്‍കിയിരുന്നു. ഈ വാര്‍ത്തയുടെ പ്രതികരണമായാണ് കുഞ്ഞാലിക്കുട്ടി എമര്‍ജിംഗ് കേരള പരാജയമല്ലെന്ന് പറഞ്ഞത്. എമര്‍ജിങ്ങ് കേരളയില്‍ അവതരിപ്പിക്കപ്പെട്ട ഒരു പദ്ധതിക്കു പോലും ഇതു വരെ ധാരണാ പത്രം ഒപ്പുവച്ചിട്ടില്ലെന്ന് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 12 മുതല്‍ 14 വരെ സംഘടിപ്പിച്ച എമര്‍ജിങ് കേരളയ്ക്കായി പതിനേഴര കോടി രൂപയാണ് ചെലവഴിച്ചത്.
Comments