പൊതുസ്ഥലങ്ങളില്‍ അനധികൃതമായി ഫ്‌ളക്‌സ് ബോര്‍ഡുകളും കൊടിതോരണങ്ങളും ബാനറുകളും സ്ഥാപിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കുറ്റവാളികള്‍ക്കെതിരെ ഇന്ത്യന്‍ശിക്ഷാ നിയമത്തിലെയും പൊലീസ് ആക്ടിലെയും വിവിധ വകുപ്പുകള്‍പ്രകാരം കേസെടുക്കണമെന്ന് പൊലീസിന് നിര്‍ദേശം നല്‍കി ഡിജിപി പ്രത്യേക സര്‍ക്കുലര്‍ ഇറക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു.
ലോകകപ്പ് ഫുട്‌ബോള്‍ നടക്കുമ്പോള്‍ ആലപ്പുഴയിലെ സെന്റ് സ്റ്റീഫന്‍സ് മലങ്കര കത്തോലിക്ക പള്ളിക്കുമുന്നില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ എടുത്തുമാറ്റാത്തത് ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹര്‍ജി പൊതുതാല്‍പര്യ ഹര്‍ജിയായി പരിഗണിച്ചാണ് ഉത്തരവ്. മുന്‍കാലങ്ങളില്‍ ഇറക്കിയ ഇടക്കാല ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിരവധി ഉത്തരവുകളും സര്‍ക്കുലറുകളും ഇറക്കിയതായി കോടതി ചൂണ്ടിക്കാട്ടി. എന്നിട്ടും പുതിയ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെടുകയാണ്. ഇതു തടയാന്‍ കൂടുതല്‍ കര്‍ശന നടപടി വേണമെന്ന് വ്യക്തമാക്കിയാണ് ഇടക്കാല ഉത്തരവിറക്കിയത്.
Comments