ന്യൂഡൽഹി: വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ ഇന്ത്യൻ മണ്ണിൽ തിരികെയെത്തി. വാഗ–അട്ടാരി അതിർത്തിയിൽ എയർ വൈസ് മാർഷൽമാരായ ആർ.ജി.കെ.കപൂർ, ശ്രീകുമാർ പ്രഭാകരൻ എന്നിവർ ചേർന്നു സ്വീകരിച്ചു. മുതിർന്ന വ്യോമസേന ഉദ്യോഗസ്ഥരും മാതാപിതാക്കളും ഒപ്പമുണ്ടായിരുന്നു. ഇന്ത്യൻ വ്യോമാതിർത്തി കടന്ന് ബോംബാക്രമണം നടത്തിയ പാക്കിസ്ഥാന്റെ എഫ് 16 യുദ്ധവിമാനത്തെ മിസൈൽ ഉപയോഗിച്ചു തകർത്തത് വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ. അഭിനന്ദൻ പറത്തിയ മിഗ് 21 ബൈസൻയുദ്ധവിമാനം തകരുന്നതിനു നിമിഷങ്ങൾ മുൻപാണ് ഹ്രസ്വദൂര എയർ ടു എയർ മിസൈലായ ആർ 73 ഉപയോഗിച്ച് അഭിനന്ദൻ എഫ് 16 പോർവിമാനം വീഴ്ത്തിയത്.
വിങ് കമാന്‍ഡർ അഭിനന്ദൻ വർധമാൻ തമിഴ്നാട്ടിൽ നിന്നുള്ള ആളായതിൽ എല്ലാ ഇന്ത്യക്കാരും അഭിമാനിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതുപോലെ തന്നെ ആദ്യ വനിതാ പ്രതിരോധമന്ത്രി നിർമല സീതാരാമനും തമിഴാനാട്ടുകാരിയാണെന്നും മോദി പറഞ്ഞു. ഇന്ത്യ–പാക്കിസ്ഥാന്‍ സംഘര്‍ഷങ്ങള്‍ക്കു പിന്നാലെ ഉയര്‍ന്ന രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്കും മോദി മറുപടി പറഞ്ഞു. ചില പാര്‍ട്ടികള്‍ മോദിയെ വെറുക്കുന്നതിന്റെ തുടര്‍ച്ചയായി രാജ്യത്തെ വെറുക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സൈന്യത്തിനൊപ്പമാണോ അല്ലയോ എന്ന് വിമര്‍ശകര്‍ വ്യക്തമാക്കണം. സ്വന്തം രാഷ്ട്രീയം ശക്തിപ്പെടുത്താന്‍ രാജ്യത്തെ ദുര്‍ബലപ്പെടുത്തരുത്. രാജ്യസുരക്ഷയുടെ കാര്യത്തില്‍ ആദ്യം ഇന്ത്യക്കാരായി നില്‍ക്കണം. തിരഞ്ഞെടുപ്പില്‍ അഴിമതിയും കള്ളപ്പണവും ചര്‍ച്ചചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.
Comments