ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം നിന്നത് ബി ജെ പി മാത്രമെന്നും ലോക് സഭാ തെരഞ്ഞെടുപ്പില്‍ അത് ഗുണം ചെയ്യുമെന്നും കുമ്മനം രാജശേഖരന്‍. മിസോറാമിലെ ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് കേരളത്തില്‍ തിരിച്ചെത്തിയശേഷം പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹ ഇക്കാര്യം വ്യക്തമാക്കിയത്.
ഗവര്‍ണര്‍ പദവി ഒഴിഞ്ഞത് ഭരണഘടനാ സ്ഥാപനങ്ങളോടുള്ള അവഹേളനമല്ല. കടിച്ചതും പിടിച്ചതും ലക്ഷ്യമിട്ടല്ല രാഷ്ട്രീയത്തില്‍ വന്നതെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വിമര്‍ശനത്തിന് കുമ്മനം മറുപടി നല്‍കി.
സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിനു വേണ്ടിയാണ് ഗവര്‍ണര്‍ സ്ഥാനം രാജിവച്ചത്.എന്നാല്‍ ഇനിയെന്തുവേണമെന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. പാര്‍ട്ടിയുടെ മുന്നില്‍ സ്വന്തം ജീവിതം തന്നെ സമര്‍പ്പിച്ച സ്ഥിതിക്ക് എന്തുചെയ്യണമെന്ന് അവര്‍ക്കു തീരുമാനിക്കാം. തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് പാര്‍ട്ടി തീരുമാനിച്ചാല്‍ മത്സരിക്കും. മത്സരിക്കണമെന്ന് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. അങ്ങനെ ആവശ്യപ്പെട്ടാല്‍ പൂര്‍ണ ഉത്തരവാദിത്തത്തോടെ അത് ഏറ്റെടുക്കുമെന്നും കുമ്മനം പറഞ്ഞു.
മാത്രമല്ല, പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ചുമതലയും നിറവേറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ ശബരിമല ഒരു നിമിത്തമാകുമെന്നും കേരളത്തിലെ ജനങ്ങള്‍ ബി.ജെ.പിക്ക് ഒപ്പം നില്‍ക്കുമെന്നും പറഞ്ഞ അദ്ദേഹം എല്ലാവരുടെയും വിശ്വാസത്തെ ബാധിക്കുന്ന കാര്യമാണ് ശബരിമല എന്നും അഭിപ്രായപ്പെട്ടു.
മതസ്വാതന്ത്ര്യം എല്ലാവര്‍ക്കും ആവശ്യമാണ്. ശബരിമല കേവലം ഒരു മത വിഷയമല്ലെന്നും കുമ്മനം വ്യക്തമാക്കി. ഒരു നിബന്ധനയോടെയല്ല തിരിച്ചുവന്നത്. തുറന്ന മനസ്സോടെയാണ്. സംഘടനയാണ് എന്ത് ചെയ്യണമെന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. തെരഞ്ഞെടുപ്പില്‍ ഏത് ഉത്തരവാദിത്തം ഏല്‍പ്പിച്ചാലും ഏറ്റെടുക്കും. സ്ഥാനാര്‍ത്ഥിയാവണമെന്ന് ഒരു നിര്‍ബന്ധവുമില്ലെന്നും കുമ്മനം അറിയിച്ചു. ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തം അങ്ങേയറ്റം ഭംഗിയായും അച്ചടക്കത്തോടെയും നിര്‍വ്വഹിക്കുമെന്നും കുമ്മനം വിശദമാക്കി.
കേരളത്തിലെ രാഷ്ട്രീയ രംഗം മാറിമറിഞ്ഞ് വരികയാണ്. മത പീഡനം നടന്നത് കേരളത്തില്‍ മാത്രമാണ്. മറ്റൊരു സ്ഥലത്തും മത പീഡനം നടന്നിട്ടില്ല. കേരളത്തിലെ മൊത്തം ജനത ബി.ജെ.പിക്കൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസികളുടെ മേല്‍ സര്‍ക്കാര്‍ കൈകടത്താന്‍ ശ്രമിക്കുന്നു. സര്‍ക്കാര്‍ മത സ്ഥാപനങ്ങളെ സ്വന്തം കറവപശുക്കളാക്കി മാറ്റിയെടുക്കാന്‍ വേണ്ടി ശ്രമിക്കുന്നുവെന്നും കുമ്മനം ആരോപിച്ചു.
അതേസമയം തന്നെ കളിയാക്കിക്കൊണ്ടുള്ള ട്രോളുകളെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ചെയ്യുന്നത് ശരിയാണ് എന്ന് ബോധ്യമുണ്ടെങ്കില്‍ മറ്റൊരാളുടെ സര്‍ട്ടിഫിക്കറ്റിന് വേണ്ടി കാത്തിരിക്കേണ്ട ആവശ്യമില്ല. ട്രോളുകളോട് എതിര്‍പ്പില്ലെന്നും അതിലെ നര്‍മത്തെ ആസ്വദിക്കുന്നുവെന്നും കുമ്മനം പറഞ്ഞു.
Comments