പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് പാലം പണിതപ്പോള്‍ ആവശ്യമായ കരുതല്‍ സ്വീകരിക്കേണ്ടത് റോഡ്സ് ആന്‍ഡ് ബ്രിജ്ജസ് കോര്പ്പറേഷന് ആയിരുന്നുവെന്ന് മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്.
അത് ചെയ്യാത്തതിന്റെ ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. കണ്‍സള്‍ട്ടന്റായ കിറ്റ്കോയും ഗുരുതരവീഴ്ച വരുത്തിയെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. പാലംപണിയിലെ ക്രമക്കേടില്‍ യുഡിഎഫ് സര്‍ക്കാരിന് പങ്കൊന്നുമില്ല. പാലം പണിയാനുള്ള നയപരമായ തീരുമാനം മാത്രമാണ് സര്‍ക്കാര്‍ എടുത്തതെന്നും നിര്‍മാണമെല്ലാം RBDCK യുടെ ചുമതലയിലാണ് നടന്നതെന്നും മുന്‍മന്ത്രി അറിയിച്ചു.
അതേസമയം പാലാരിവട്ടം മേല്‍പ്പാലത്തിന് ബലക്ഷയം സംഭവിച്ചതില്‍ വിജിലന്‍സ് അന്വേഷണം നടത്തുമെന്ന് മന്ത്രി ജി സുധാകരന് പറഞ്ഞിരുന്നു. നിര്‍മ്മാണത്തില്‍ ഗുരുതരമായ ക്രമക്കേടുണ്ടന്നും ഉത്തരവാദികളായവരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കുമെന്നും സുധാകരന് പറഞ്ഞു.
അറ്റകുറ്റ പണി നടക്കുന്ന മേല്‍പ്പാലത്തില്‍ മന്ത്രി സന്ദര്‍ശനം നടത്തിയിരുന്നു. എറണാകുളംകാര്‍ക്ക് ഉണ്ടാകുന്ന ഗതാഗത പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും പാലത്തിന്റെ അറ്റകുറ്റപണിയല്ല, പുനസ്ഥാപിക്കല്‍ ആണ് നടക്കുന്നതെന്നും ജി സുധാകരന് വ്യക്തമാക്കി.
Comments