രണ്ടാം മോദി സര്‍ക്കാരിലെ വകുപ്പ് വിഭജനത്തിന് പിന്നാലെ ഘടകകക്ഷികളില്‍ അതൃപ്തി പുകയുന്നു. ശിവസേനയ്ക്കു പുറമെ ബിജെപി ബംഗാള്‍ ഘടകവും അതൃപ്തിയുമായി രംഗത്തെത്തി. സ്ഥിരമായി ലഭിക്കുന്ന ഘനവ്യവസായവും പൊതു സംരംഭങ്ങളുമെന്ന വകുപ്പ് മാത്രമാണ് ഇത്തവണയും ലഭിച്ചതെന്നതാണ് ശിവസേനയുടെ പരാതി. പരാതി ബിജെപി നേതൃത്വത്തെ അറിയിച്ചു.
18 എംപിമാരുള്ള സേന കൂടുതല്‍ മന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്നു. ലോക്‌സഭാ ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തിനുള്ള പ്രതീക്ഷ കൈവിട്ടിട്ടില്ല. ഒക്ടോബറില്‍ നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനാരിക്കെ, ശിവസേനയെ കാര്യമായി പരിഗണിക്കേണ്ടതായിരുന്നുവെന്ന് ബിജെപി സംസ്ഥാന നേതൃത്വവും അഭിപ്രായപ്പെട്ടെന്നാണ് സൂചന.
അതിനിടെ ബംഗാളിനു വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് പരസ്യമായി വിമര്‍ശിച്ചു. 2014ല്‍ രണ്ട് എംപിമാരുണ്ടായിരുന്നപ്പോള്‍ 2 മന്ത്രിസ്ഥാനം ലഭിച്ചു. ഇപ്പോള്‍, 22 എംപിമാര്‍ വിജയിച്ചപ്പോഴും 2 പേര്‍ക്കു മാത്രമെ മന്ത്രിസ്ഥാനം ലഭിച്ചുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഒരു മന്ത്രി സ്ഥാനം മാത്രം നല്‍കിയതില്‍ പ്രതിഷേധിച്ച് മന്ത്രിസഭയില്‍ ചേരാതെ മാറി നില്‍ക്കുയാണ് ജെ.ഡി.യു. 16 സീറ്റ് നേടിയ ജെഡിയുവിന് ഒരു മന്ത്രിസ്ഥാനം പോരെന്നാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വ്യക്തമാക്കിയത്. ആനുപാതിക പ്രാതിനിധ്യരീതി പരിഗണിക്കപ്പെട്ടില്ലെന്നും ഇനി മന്ത്രിസഭയില്‍ ചേരാനില്ലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
അപ്നാ ദളിന്റെ അനുപ്രിയ പട്ടേല്‍ കഴിഞ്ഞ തവണ സഹമന്ത്രിയായിരുന്നു. ഇത്തവണ ക്യാബിനറ്റ് പദവി ചോദിച്ചെങ്കിലും പരിഗണിക്കപ്പെട്ടില്ല. അതിനാല്‍, മന്ത്രിസഭയില്‍ ചേരാന്‍ അപ്നാ ദളും തയ്യാറായില്ല.
Comments