അറബിക്കടലില്‍ രൂപം കൊണ്ട അതിതീവ്ര ചുഴലിക്കാറ്റായ 'വായു' കരയിലേക്ക് പ്രവേശിക്കാതെ കടലില്‍ തന്നെ അവസാനിക്കാന്‍ സാധ്യത. ഇന്നലെ രാത്രി വരെ ഗുജറാത്ത് തീരം ലക്ഷ്യമിട്ട് നീങ്ങിയിരുന്ന ചുഴലിക്കാറ്റിന്റെ ദിശ മാറിയതായി ഇന്ന് രാവിലെയാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചത്. ഗുജറാത്ത് തീരം തൊടാതെ വടക്ക്-പടിഞ്ഞാറ് ദിശയില്‍ ഗുജറാത്ത് തീരത്തിന് സമാന്തരമായി സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് ദ്വാരകയ്ക്ക് സമീപം കടലില്‍ തന്നെ ഇല്ലാതാവും എന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ എറ്റവും പുതിയ പ്രവചനം. ഗുജറാത്തിലെ സൗരാഷ്ട്ര മേഖലയ്ക്ക് സമാന്തരമായി മണിക്കൂറില്‍ 180 കിമീ വേഗതയില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം വായു ചുഴലിക്കാറ്റ് കടന്നു പോകും. അതേ സമയം തീരത്തിന് സമാന്തരമായാണ് കാറ്റിന്റെ സഞ്ചാരപഥം എന്നതിനാല്‍ ഗുജറാത്ത് തീരത്ത് അതീവജാഗ്രത തുടരുകയാണ്. അമ്രേലി, ഗിർ സോംനാഥ്, ദിയു, ജുനാഗർ, പോർബന്ദർ, രാജ്കോട്ട്, ജാംനഗർ, ദേവ്ഭൂമി ദ്വാരക, കച്ച് എന്നീ പ്രദേശങ്ങളെ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവാസ്ഥാ വിദഗ്ധധര്‍ മുന്നറിയിപ്പ് നല്കുന്നു.
Comments