മുതിർന്ന ബിജെപി നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ സുഷമാ സ്വരാജ് (67) അന്തരിച്ചു. ഡൽഹി എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. വീട്ടിൽ വെച്ച് ഹൃദയാഘാതമുണ്ടായതിനേത്തുടർന്ന് 10.20 ഓടെയാണ് സുഷമാ സ്വരാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാത്രി 11 ഓടെയായിരുന്നു അന്ത്യം. 2014-ൽ മോദി സർക്കാരിൽ വിദേശകാര്യമന്ത്രിയായിരുന്ന സുഷമാ സ്വരാജ് 2019-ൽ ആരോഗ്യ പ്രശ്നങ്ങൾ കാരണം മത്സരിക്കാൻ തയ്യാറായിരുന്നില്ല. നേരത്തെ വാജ്പേയി സർക്കാരിലും മന്ത്രിസ്ഥാനം വഹിച്ചിട്ടുണ്ട്. 2009-14 കാലഘട്ടത്തിൽ പ്രതിപക്ഷ നേതാവ് സ്ഥാനവും വഹിച്ചിട്ടുണ്ട്. 1953-ൽ ഫെബ്രുവരി 14-ന് ഹരിയാണയിലെ അംബാലയിലാണ് ജനനം. പൊളിറ്റിക്കൽ സയൻസിൽ ബിരുദവും നിയമ ബിരുദവും നേടിയ ശേഷം സുപ്രീം കോടതി അഭിഭാഷകയായിരിക്കവെയാണ് രാഷ്ട്രീയത്തിലെത്തിയത്. ദേവിലാലിന്റെ നേതൃത്വത്തിലുള്ള ജനതാ പാർട്ടി സർക്കാറിൽ 25-ാംവയസ്സിൽ ഏറ്റവും പ്രായം കുറഞ്ഞ കാബിനറ്റ് മന്ത്രിയായി. 27-ാം വയസ്സിൽ ജനതാപാർട്ടി പ്രസിഡന്റ്. 90-ൽ രാജ്യസഭാംഗമായി.
Comments