പാലായിൽ ആര് മത്സരിക്കുമെന്ന കാര്യത്തിലൊരു സമവായമുണ്ടാക്കാൻ ജോസ് കെ മാണി - പി ജെ ജോസഫ് വിഭാഗങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ യുഡിഎഫ് ഉപസമിതി യോഗം ചേർന്നു. കോട്ടയം ഡിസിസിയിൽ നടക്കുന്ന യോഗത്തിൽ ജോസ് കെ മാണിയുമായും പി ജെ ജോസഫുമായും വെവ്വേറെ ചർച്ച നടത്തി. യോഗത്തിൽ ഇരുവിഭാഗവും സ്വന്തം നിലപാടിൽ ഉറച്ചു നിന്നു. സ്ഥാനാർത്ഥിയും ചിഹ്നവും പാർട്ടിയുടെ ആഭ്യന്തര കാര്യമാണെന്നും 'പുറത്തു നിന്നുള്ള' ആരും അതിലിടപെടേണ്ടെന്നുമാണ് ജോസ് കെ മാണിയുടെ ഉറച്ച നിലപാട്. നിഷാ ജോസ് കെ മാണിയുടെ പേരിന് തന്നെയാണ് സജീവ സാധ്യത പറഞ്ഞുകേൾക്കുന്നത്. എന്നാൽ പി ജെ ജോസഫിന്‍റെ നേതൃത്വം അംഗീകരിച്ചാൽ മാത്രം ചിഹ്നം നൽകിയാൽ മതിയെന്നാണ് ജോസഫ് വിഭാഗത്തിന്‍റെ പൊതു അഭിപ്രായം. അതില്ലെങ്കിൽ 'രണ്ടില' തരില്ലെന്നാണ് ഭീഷണി.
Comments