കൊവിഡ് 19 പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ സ്റ്റേജ് കലാകാരന്മാരുടെ അവസ്ഥ ദുരിതപൂര്‍ണമാണെന്ന് മിമിക്രി ആര്‍ട്ടിസ്റ്റും നടനും മാ സംഘടനാ സെക്രട്ടറിയുമായ കെ എസ് പ്രസാദ്. ലോക്ക്ഡൗണിന് ശേഷം മറ്റ് തൊഴിലുകള്‍ ചെയ്യുന്നവര്‍ക്ക് ആ തൊഴില്‍ പുനഃരാരംഭിക്കാം. എന്നാല്‍ കലാകാരന്മാരുടെ സ്ഥിതി വ്യത്യസ്തമാണ്. അവര്‍ക്ക് അടുത്ത ഡിസംബര്‍ വരെയാണ് ലോക്ക്ഡൗണെന്നും അപ്പോഴാണ് അടുത്ത സീസണ്‍ തുടങ്ങുകയെന്നും കെ സ് പ്രസാദ് ട്വന്റിഫോര്‍ ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. സ്റ്റേജ് കലാകാരന്മാരുടെ കാര്യം വളരെ കഷ്ടത്തിലാണ്. ഏപ്രില്‍ 15 കഴിയുന്നതോടെ മറ്റ് ജോലികള്‍ ചെയ്യുന്നവര്‍ക്ക് അവരുടെ ജോലിയിലേക്ക് തിരികെ പ്രവേശിക്കാം. കടകള്‍ തുറക്കാം. അവര്‍ വീണ്ടും പഴയ ജീവിതത്തിലേക്ക് കടന്നുവരും. എന്നാല്‍ സ്റ്റേജ് കലാകാരന്മാരുടെ ലോക്ക്ഡൗണ്‍ അടുത്ത ഡിസംബര്‍ വരെയാണ്. ഡിസംബര്‍ ആകുമ്പോഴെ അടുത്ത സീസണ്‍ തുടങ്ങുകയുള്ളൂ. അടുത്ത പ്രോഗ്രാമുകളുടെ ബുക്കിംഗ് ആരംഭിക്കുകയുള്ളൂ. അതുവരെയുള്ള അവരുടെ ജീവിതം കഷ്ടപ്പാടിലാണ്. 2018 ലും 19 ലും പ്രളയം വന്നപ്പോള്‍ സര്‍ക്കാര്‍ എല്ലാ പ്രോഗ്രാമുകളും ക്യാന്‍സല്‍ ചെയ്തു. അമ്പലങ്ങളും പള്ളികളും മറ്റ് ക്ലബ്ബുകളുമെല്ലാം പ്രോഗ്രാമുകള്‍ ക്യാന്‍സല്‍ ചെയ്തു. ഈ വര്‍ഷം കൊറോണ മൂലം പ്രോഗ്രാമുകള്‍ ക്യാന്‍സലാവുകയാണ്. മറ്റ് മേഖലകളില്‍ ജോലിചെയ്യുന്നവരെ പോലെയല്ല കലാകാരന്മാരുടെ കാര്യം. ലക്ഷങ്ങള്‍ ലോണെടുത്തിട്ടാണ് സീസണ് മുന്‍പായി ബാലെ, നാടക, മിമിക്‌സ്, ഗാനമേള സംഘങ്ങള്‍ തയാറാവുന്നതെന്നും അദ്ദേഹം പറഞ്ഞു. പലപ്പോഴും കലാകാരന്മാരെക്കുറിച്ച് ആരും ആലോചിക്കുന്നില്ല. സര്‍ക്കാരും മറ്റ് സന്നദ്ധ സംഘടനകളും കലാകാരന്മാര്‍ക്കായി എന്തെങ്കിലും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്നും കെ എസ് പ്രസാദ് പറഞ്ഞു
Comments