കൊവിഡ് 19 പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗണ്‍ മൂന്ന് ഘട്ടമായി പിന്‍വലിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശ. ഒന്നാംഘട്ടത്തില്‍ പുറത്തിറങ്ങുന്നവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാണ്. സ്വകാര്യ വാഹനങ്ങള്‍ ഒറ്റ, ഇരട്ട അക്ക നമ്പര്‍ വ്യവസ്ഥയില്‍ മാത്രമേ അനുവദിക്കൂ എന്നും നിബന്ധനയിലുണ്ട്. ഈ മാസം 14 വരെയാണ് നിലവില്‍ രാജ്യമെമ്പാടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ലോക്ക് ഡൗണ്‍ കഴിയുന്നതുമുതല്‍ 14 ദിവസം വീതമുള്ള മൂന്ന് ഘട്ടങ്ങളിലായി വേണം സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍. ഓരോ ദിവസവും നിരീക്ഷണത്തിലുള്ളവരുടെയും രോഗബാധിതരുടെയും എണ്ണം പരിശോധിച്ചശേഷം മാത്രമേ ഇക്കാര്യത്തില്‍ മറ്റ് തീരുമാനങ്ങള്‍ എടുക്കാവൂ. ഒന്നാം ഘട്ടത്തില്‍ പുറത്തിറങ്ങണമെങ്കില്‍ മുഖാവരണം നിര്‍ബന്ധമാണ്. ആധാറോ മറ്റ് തിരിച്ചറിയല്‍ രേഖകളോ കൈയില്‍ കരുതണം. അതോടൊപ്പം യാത്രയുടെ ഉദ്ദേശവും വ്യക്തമാക്കണം. സ്ഥാപനങ്ങളില്‍ സാനിറ്റൈസേഷന്‍ സംവിധാനം ഉറപ്പാക്കണം. വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ ഒരാള്‍ക്കെ കഴിയൂ. 65 വയസിനു മുകളില്‍ പ്രായമുള്ള ആരും പുറത്തിറങ്ങരുത്. ഞായറാഴ്ചകളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തണം. മതചടങ്ങുകളില്‍ അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടം കൂടരുതെന്നും ശുപാര്‍ശയില്‍ പറയുന്നു. രണ്ടാംഘട്ട നിയന്ത്രണത്തിലേക്ക് പോകണമെങ്കില്‍ സംസ്ഥാനത്ത് പുതിയ ഒരു കൊവിഡ് കേസ് പോലും ഉണ്ടാകരുത്. ഒരു ഹോട്ട് സ്പോട്ടുകളും ഉണ്ടാകരുത്. മൂന്നാംഘട്ടത്തില്‍ അന്തര്‍ജില്ലാ ബസ് സര്‍വീസുകള്‍ ആരംഭിക്കാം. എന്നാല്‍ ഇതിലും കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടാകും. നാളെ വിദഗ്ധ സമിതിയുടെ ശുപാര്‍ശ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. അതിന് ശേഷം ഇക്കാര്യങ്ങള്‍ കേന്ദ്രത്തിന് കൈമാറും.
Comments