ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതോടെ പൊതുതെരഞ്ഞെടുപ്പിന്‍െറ സെമിഫൈനല്‍ എന്ന് വിശേഷിപ്പിച്ച അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയും ബി.ജെ.പിക്ക് മുന്‍തൂക്കവും പ്രവചിച്ച എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിട്ടു തുടങ്ങി. മധ്യപ്രദേശും രാജസ്ഥാനും ബി.ജെ.പിക്ക് അനായാസ വിജയം പ്രവചിക്കുന്ന ഏജന്‍സികള്‍ ദല്‍ഹിയിലും ഛത്തിസ്ഗഢിലും തൂക്കുസഭക്കുള്ള സാധ്യത പറയുന്നുണ്ട്.
ദേശീയശ്രദ്ധ ആകര്‍ഷിച്ച ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി ഭരണവിരുദ്ധ വോട്ട് ചോര്‍ത്തി കോണ്‍ഗ്രസിന് വിജയം സമ്മാനിക്കുമെന്ന കണക്കൂകൂട്ടല്‍ തെറ്റിയെന്ന് എക്സിറ്റ് പോളുകള്‍ പറയുന്നു. കന്നിയങ്കത്തില്‍ 15ലേറെ സീറ്റുകള്‍ നേടി ആം ആദ്മി പാര്‍ട്ടി അദ്ഭുതം സൃഷ്ടിക്കുമെന്നും ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും രണ്ട് ഏജന്‍സികള്‍ നടത്തിയ എക്സിറ്റ് പോളുകള്‍ പ്രവചിച്ചു.
ഭരിക്കാന്‍ 36 സീറ്റ് ആവശ്യമായ ദല്‍ഹിയില്‍, ‘ടൈംസ് നൗ’ ചാനലിന്‍െറ എക്സിറ്റ് പോളില്‍ ബി.ജെ.പിക്ക് 29ഉം കോണ്‍ഗ്രസിന് 21ഉം ആം ആദ്മി പാര്‍ട്ടിക്ക് 16ഉം സീറ്റുകളാണ് പ്രവചിച്ചത്. എ.ബി.പി ന്യൂസ് -നീല്‍സണ്‍ എക്സിറ്റ് പോളില്‍ ആം ആദ്മി പാര്‍ട്ടിക്കും കോണ്‍ഗ്രസിനും 18 വീതവും ബി.ജെ.പിക്ക് 32 സീറ്റും ലഭിക്കുമെന്ന് പറയുന്നു. സീവോട്ടര്‍ നടത്തിയ എക്സിറ്റ് പോളില്‍ ബി.ജെ.പിക്ക് 32ഉം കോണ്‍ഗ്രസിന് 28 സീറ്റുകളും ആം ആദ്മി പാര്‍ട്ടിക്ക് 12 സീറ്റും മറ്റുള്ളവര്‍ക്ക് രണ്ട് സീറ്റും പ്രവചിച്ചു.
സീവോട്ടര്‍ -ടൈംസ് നൗ എക്സിറ്റ് പോള്‍ പ്രകാരം കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്‍ മൃഗീയ ഭൂരിപക്ഷത്തിന് ബി.ജെ.പി പിടിച്ചെടുക്കും. രാജസ്ഥാനില്‍ 199ല്‍ 130 സീറ്റുകളും ബി.ജെ.പിക്ക് ലഭിക്കുമെന്നാണ് പ്രവചനം. മധ്യപ്രദേശില്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനു കീഴില്‍ ഹാട്രിക് വിജയം നേടുന്ന ബി.ജെ.പി 145 സീറ്റുകള്‍ നേടുമെന്നും കോണ്‍ഗ്രസ് 77 സീറ്റ് കൊണ്ട് തൃപ്തിപ്പെടുമെന്നുമാണ് സീവോട്ടര്‍ -ടൈംസ് നൗ നിഗമനം.
Comments