സചിനില്ലാത്ത ഇന്ത്യക്ക് വിദേശമണ്ണില്‍ ആദ്യപോരാട്ടത്തിന് ഇന്ന് തുടക്കം. ലോകക്രിക്കറ്റിലെ വന്‍മരങ്ങളിലൊന്നായ ദക്ഷിണാഫ്രിക്കയെ അവരുടെ നാട്ടില്‍ ആദ്യ ഏകദിനത്തില്‍ നേരിടാനിറങ്ങുന്ന ഇന്ത്യ കരുത്തില്‍ മുന്നിലാണെങ്കിലും അത് കളത്തില്‍ തെളിയിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ജൊഹാനസ്ബര്‍ഗിലെ വാന്‍ഡേഴ്സ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകീട്ട് അഞ്ച് മണിമുതല്‍ പകലും രാത്രിയുമായാണ് മത്സരം. മൂന്ന് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്.
തുടര്‍ച്ചയായ ആറ് ഏകദിന പരമ്പരകളില്‍ വെന്നിക്കൊടി പാറിച്ചാണ് ടീം ഇന്ത്യ ദക്ഷിണാഫ്രിക്കയിലത്തെിയത്. എന്നാല്‍, പാകിസ്താനെതിരെ അവസാന പരമ്പരയില്‍ തോല്‍വി വഴങ്ങിയതിന്‍െറ ക്ഷീണത്തിലാണ് ദക്ഷിണാഫ്രിക്ക. എങ്കിലും പേസര്‍മാരെ തുണക്കുന്ന സ്വന്തം പിച്ചില്‍ ലോക ചാമ്പ്യന്മാര്‍ക്ക് മുന്നില്‍ മികച്ച പോരാട്ടംതന്നെ ആതിഥേയര്‍ പുറത്തെടുക്കുമെന്നാണ് വിലയിരുത്തല്‍. ബാറ്റിങ്ങാണ് ഇന്ത്യയുടെ കരുത്തെങ്കില്‍ ബൗളിങ്ങില്‍ സന്ദര്‍ശകരേക്കാള്‍ കാതം മുന്നിലാണ് ദക്ഷിണാഫ്രിക്ക. ബാറ്റിങ് യുവനിരയിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയുടെ പ്രതീക്ഷയത്രയും. ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോഹ്ലി എന്നീ യുവതാരങ്ങള്‍ ഈ ഏകദിന സീസണില്‍ ഇതുവരെ 1000ത്തിലധികം റണ്‍സാണ് അടിച്ചുകൂട്ടിയത്. 50 ശതമാനത്തിന് മുകളിലാണ് ഈ താരങ്ങളുടെ റണ്‍ ശരാശരി. തുടര്‍ച്ചയായ ഇന്ത്യന്‍ വിജയങ്ങളുടെ ആണിക്കല്ലും ഇവര്‍തന്നെയായിരുന്നു.
എന്നാല്‍, മധ്യനിരയിലെ ബലഹീനത ഇന്ത്യയെ വേട്ടയാടുന്നുണ്ട്. സുരേഷ് റെയ്നയും യുവരാജും ഇക്കുറി ഫോമിലേക്കുയര്‍ന്നില്ളെങ്കില്‍ ടീമിന് ബാധ്യതയാകും. വിന്‍ഡീസിനെതിരെ പരമ്പരയില്‍ സുനില്‍ നരേന്‍െറ സ്പിന്നിന് മുന്നില്‍ വിറച്ച റെയ്ന, യുവരാജുമാരെ ഇമ്രാന്‍ താഹിറിന് മുന്നില്‍ നിര്‍ത്തി തളക്കാമെന്നാണ് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എ.ബി.ഡിവില്ലിയേഴ്സിന്‍െറ കണക്കൂകൂട്ടല്‍.
മാച്ച് വിന്നര്‍ റോളില്‍ ധോണിക്ക് തിളങ്ങാനായാല്‍ മികച്ച ടോട്ടലുകള്‍ മറികടക്കുന്നതിന് ഇന്ത്യക്ക് അധികം ബുദ്ധിമുട്ടേണ്ടി വരില്ല. എന്നാല്‍, ബൗളിങ്ങില്‍ സന്ദര്‍ശകര്‍ തികഞ്ഞ ആത്മവിശ്വാസത്തിലല്ല എന്നത് ആശങ്കപ്പെടുത്തുന്നുണ്ട്. ഹാഷിം ആംല, എ.ബി. ഡിവില്ലിയേഴ്സ്, ജെപി ഡുമിനി എന്നിവരെ വീഴ്ത്തണമെങ്കില്‍ ബൗളിങ്ങില്‍ ശരാശരിക്കപ്പുറത്തേക്ക് ഇന്ത്യ ഉയര്‍ന്നേ മതിയാവൂ.
ടീം ഇന്ത്യ- എം.എസ്. ധോണി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോഹ്ലി, യുവരാജ് സിങ്, ആര്‍. അശ്വിന്‍, രവീന്ദ്ര ജദേജ, മുഹമ്മദ് ശമി, ഭുവനേശ്വര്‍കുമാര്‍, ഉമേഷ് യാദവ്, ഇശാന്ത് ശര്‍മ, അമിത് മിശ്ര, അമ്പാട്ടി റായിഡു, അജിന്‍ക്യ രഹാനെ.
ദക്ഷിണാഫ്രിക്ക- എ.ബി. ഡിവില്യേഴ്സ് (ക്യാപ്റ്റന്‍), ഹാഷിംആംല, ക്വിന്‍ഡോന്‍ ഡി കോക്ക്, ജെ.പി. ഡുമിനി, ഇമ്രാന്‍ താഹിര്‍, ജാക് കാലിസ്, റ്യാന്‍ മാക്ലാരന്‍, ഡേവിഡ് മില്ലര്‍, മോണ്‍ മോര്‍കല്‍, വെയ്ന്‍ പാര്‍നല്‍, വെര്‍നന്‍ ഫിലാണ്ടര്‍, ഗ്രേയം സ്മിത്ത്, ഡെയില്‍ സ്റ്റെയിന്‍, ലോന്‍വാബോ ടോട്സോബേ.
Comments