അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എയുടെ പണം പറ്റുന്ന യു.എസ് കമ്പനിയും ‘ആധാര്‍’ വിതരണക്കാരായ സവിശേഷ തിരിച്ചറിയല്‍ അതോറിറ്റി (യു.ഐ.ഡി.എ.ഐ)യുമായി കരാര്‍. ആധാര്‍ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സോഫറ്റ്വെയര്‍ ലഭ്യമാക്കാനും രേഖകള്‍ ക്രോഡീകരിക്കുന്നതില്‍ സഹകരിക്കാനുമാണ് മോംഗോ ഡിബി എന്ന കമ്പനിയുമായി അതോറിറ്റി കരാറില്‍ ഏര്‍പ്പെട്ടത്. ആധാറിലൂടെ സമാഹരിച്ച വ്യക്തിവിവരങ്ങളുടെയും പൗരന്മാരുടെ അടയാള രേഖകളുടെയും സുരക്ഷിതത്വം അപകടപ്പെടുത്തുന്ന നീക്കമാണിത്.
സബ്സിഡിക്കും സേവനങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കുന്നതിലെ ഭരണഘടനാ പ്രശ്നങ്ങള്‍ സുപ്രീംകോടതിതന്നെ ചൂണ്ടിക്കാട്ടിയതിനു പിന്നാലെയാണ് പുതിയ വെളിപ്പെടുത്തല്‍. ആധാര്‍ വിവരങ്ങള്‍ സമാഹരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും സഹായിക്കുകയാണ് മോംഗോ ഡിബി ചെയ്യുക. സി.ഐ.എയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍-ക്യു-ടെല്‍ എന്ന സംരംഭം വഴിയാണ് മോംഗോ ഡിബിക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത്. രഹസ്യമായ വിവരസമാഹരണത്തില്‍ ഈ കമ്പനികള്‍ക്ക് അമേരിക്കന്‍ ചാരസംഘടനയെ വലിയതോതില്‍ സഹായിക്കാന്‍ സാധിക്കും.
ഇന്‍-ക്യു-ടെല്ലിന് സി.ഐ.എക്കു പുറമെ അമേരിക്കയിലെ ആഭ്യന്തര-പ്രതിരോധ ഏജന്‍സികളുമായും ബന്ധമുണ്ട്. ആധാര്‍ വിവരങ്ങള്‍ ദേശീയ തലത്തില്‍ ക്രോഡീകരിക്കുന്നുണ്ട്. അമേരിക്കന്‍ കമ്പനിയുടെ സാന്നിധ്യം വഴി, ഇത് ചൂണ്ടിയെടുക്കാനോ ഉപയോഗപ്പെടുത്താനോ അമേരിക്കന്‍ ചാരസംഘടനകള്‍ക്ക് വിഷമമുണ്ടാവില്ല.
കരാര്‍ ഒൗദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍, കരാര്‍പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ മോംഗോഡിബി തുടങ്ങിക്കഴിഞ്ഞതായി യു.ഐ.ഡി.എ.ഐ വൃത്തങ്ങള്‍ തന്നെ വിവരം നല്‍കുന്നുണ്ട്. ന്യൂയോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മോംഗോ ഡിബിയുടെ ചീഫ് എക്സിക്യൂട്ടിവ് മാക്സ് ഷീര്‍സണ്‍ മൂന്നാഴ്ച മുമ്പ് ദല്‍ഹിയില്‍ വരുകയും ചെയ്തിരുന്നു. ഇംഗ്ളീഷ് ദിനപത്രമായ ഇക്കണോമിക് ടൈംസാണ് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്.
കരാര്‍ ഉപേക്ഷിക്കണമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. നിയമസാധുതയില്ലാത്ത അതോറിറ്റിയുടെ പുതിയ തീരുമാനത്തില്‍ പി.ബി ഉത്കണ്ഠ പ്രകടിപ്പിച്ചു. നേരത്തേ, അമേരിക്കന്‍ കമ്പനി എല്‍-വണ്‍ ഐഡന്‍റിറ്റി സൊല്യൂഷന്‍സുമായും ഒരു ഫ്രഞ്ച് കമ്പനിയുമായും ആധാര്‍ പദ്ധതിക്കുവേണ്ടി അതോറിറ്റി കരാര്‍ ഉണ്ടാക്കിയിരുന്നു. ഈ കമ്പനികളെ നിയോഗിക്കുക വഴി, ആധാറിലൂടെ സമാഹരിച്ച വ്യക്തിവിവരങ്ങളും പൗരന്മാരുടെ അടയാള രേഖകളും അമേരിക്കന്‍ കമ്പനികള്‍ക്ക് നല്‍കിയിട്ടുണ്ട്. അമേരിക്കയിലെ ടെലികോം, ഇന്‍റര്‍നെറ്റ് കമ്പനികള്‍ വഴി എല്ലാ ഡാറ്റയും അമേരിക്കന്‍ അധികൃതര്‍ ക്രോഡീകരിക്കുന്നതിന്‍െറ വിശദാംശങ്ങളാണ് വിവാദ എഡ്വേഡ് സ്നോഡന്‍ ഫയലുകളിലൂടെ പുറത്തുവന്നതെന്നും സി.പി.എം ചൂണ്ടിക്കാട്ടി
Comments