ആന്ധ്രപ്രദേശിന്‍െറ 10 ജില്ലകള്‍ ഉള്‍പ്പെടുത്തി തെലങ്കാന സംസ്ഥാനം രൂപവത്കരിക്കുന്നതിനുള്ള കരടുബില്‍ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. അനന്തപൂര്‍, കര്‍ണൂല്‍ ജില്ലകളെക്കൂടി തെലങ്കാനയില്‍ ഉള്‍പ്പെടുത്തി റായല-തെലങ്കാന രൂപവത്കരിക്കാനുള്ള നീക്കം, കടുത്ത എതിര്‍പ്പുകള്‍ മുന്‍നിര്‍ത്തി ഉപേക്ഷിച്ചു. രാഷ്ട്രപതിയുടെ അംഗീകാരത്തിന് വിധേയമായി ശീതകാല സമ്മേളനത്തില്‍ ബില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രിസഭാ യോഗത്തിനുശേഷം ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ വാര്‍ത്താലേഖകരെ അറിയിച്ചു.
ഷിന്‍ഡെയുടെ അധ്യക്ഷതയില്‍ നടന്ന മന്ത്രിസഭാ ഉപസമിതിയോഗം കരടുബില്ലിന് അന്തിമരൂപം നല്‍കിയതിനു തൊട്ടുപിറ്റേന്നാണ് കേന്ദ്രമന്ത്രിസഭ അത് അംഗീകരിക്കുന്നത്. രാഷ്ട്രപതിയുടെ അംഗീകാരത്തോടെ വേണം ബില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കാന്‍. തുടര്‍ന്ന് രാഷ്ട്രപതി ആന്ധ്രപ്രദേശ് നിയമസഭയുടെ അഭിപ്രായം തേടും. ഇതിനുശേഷം ആവശ്യമായ ഭേദഗതികളോടെ മന്ത്രിസഭ ബില്‍ തയാറാക്കി വീണ്ടും പാര്‍ലമെന്‍റില്‍ കൊണ്ടുവരുന്നതാണ് 29ാമത് സംസ്ഥാനമായി തെലങ്കാന പിറക്കുന്നതിന്‍െറ ഭരണഘടനാപരമായ അന്തിമ നടപടി.
Comments