ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ ഇന്‍റര്‍നെറ്റും സ്മാര്‍ട്ട് ഫോണും ഉപയോഗിച്ച സംഭവത്തെ തുടര്‍ന്ന് കോഴിക്കോട് ജില്ലാ ജയിലില്‍ നടത്തിയ പരിശോധനയില്‍ എട്ടുഫോണുകള്‍ കൂടി കണ്ടെടുത്തു. ജയില്‍ കക്കൂസിന്‍െറ മാന്‍ഹോളില്‍നിന്ന് ഏഴ് നോക്കിയ ഫോണുകളും കുളിമുറിക്ക് സമീപം കുഴിച്ചിട്ട ഒരു എം.ടി.എസ് ഫോണുമാണ് ചൊവ്വാഴ്ച കണ്ടെടുത്തത്. ഇവയില്‍ രണ്ടെണ്ണം ഇന്‍റര്‍നെറ്റ് ഉപയോഗിക്കാവുന്ന ഫോണുകളാണ്. കൊടി സുനിയും കിര്‍മാണി മനോജുമടക്കം ടി.പി വധക്കേസിലെ 11 പ്രതികള്‍ ഉപയോഗിക്കുന്ന കക്കൂസുകളുടെ മാന്‍ഹോളില്‍നിന്ന് ഏഴ് ഫോണുകള്‍ക്ക് പുറമെ ഏഴ് ബാറ്ററികള്‍, ഒരു വോഡഫോണ്‍ സിം കാര്‍ഡ്, ഐഡിയയുടെ ഒരു നാനോ സിം കാര്‍ഡ്, മൂന്ന് മെമ്മറി കാര്‍ഡുകള്‍, ഒരു ഇയര്‍ഫോണ്‍ എന്നിവയും കണ്ടെടുത്തിട്ടുണ്ട്. രണ്ട് ശുചീകരണ തൊഴിലാളികളുടെ സഹായത്തോടെ കസബ സി.ഐ എന്‍. ബിശ്വാസിന്‍െറ നേതൃത്വത്തില്‍ രണ്ട് മണിക്കൂറിലധികം പ്രയത്നിച്ചാണ് വൈകീട്ട് ആറോടെ ഫോണുകള്‍ കണ്ടെടുത്തത്. ശനിയാഴ്ച കക്കൂസിന്‍െറ മാന്‍ഹോളില്‍നിന്ന് ലഭിച്ചതടക്കം ഇതോടെ ഒമ്പത് ഫോണുകള്‍ ജയിലിനുള്ളില്‍ നിന്ന് കണ്ടെടുത്തു.
Comments