ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്കിടയിലെ വര്‍ധിച്ച അരക്ഷിതബോധം മാറ്റാന്‍ വ്യക്തമായ നടപടികള്‍ കേന്ദ്രസര്‍ക്കാറില്‍നിന്ന് ഉണ്ടാകാത്തതില്‍ വിവിധ ന്യൂനപക്ഷവിഭാഗ പ്രതിനിധികള്‍ കോണ്‍ഗ്രസിനെ ഉത്കണ്ഠ അറിയിച്ചു. ഭീകരതയുടെ പേരില്‍ നിരപരാധികളായ മുസ്ലിം ചെറുപ്പക്കാരെ വേട്ടയാടുന്ന പ്രശ്നത്തിലും ഫലപ്രദമായ നടപടികള്‍ ഉണ്ടായിട്ടില്ല. സച്ചാര്‍ സമിതി ശിപാര്‍ശകള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടുവെന്നും അവര്‍ കുറ്റപ്പെടുത്തി.
ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് കോണ്‍ഗ്രസിന്‍െറ പ്രകടന പത്രിക തയാറാക്കുന്നതിന്‍െറ ഭാഗമായി കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ളവരെ പങ്കെടുപ്പിച്ചു നടത്തിയ കൂടിയാലോചനാ യോഗത്തിലാണ് ഈ വിമര്‍ശം. മുസഫര്‍നഗറിലെ അഭയാര്‍ഥി ക്യാമ്പുകള്‍ സന്ദര്‍ശിച്ചതിന് തൊട്ടുപിറ്റേന്നായിരുന്നു യോഗം. ഏതെങ്കിലും വ്യക്തിയോ സമുദായമോ ഇന്ത്യയില്‍ ഭയന്നു കഴിയരുതെന്നാണ് ചര്‍ച്ചകള്‍ക്കുള്ള മറുപടിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞത്.
Comments