ബാര്‍ കോഴ വിഷയത്തില്‍ നിയമസഭ പ്രക്ഷുബ്ധമായി. സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം സഭാധ്യക്ഷന് നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
കേസില്‍ അന്വേഷണം തുടരുകയാണെന്ന് നോട്ടീസിന് മറുപടി നല്കിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കും. കുറ്റക്കാരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരും. കേസിലുള്പ്പട്ടവരെ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.
ബാറുടമകളില്‍ നിന്ന് പണം വാങ്ങിയിട്ടില്ലെന്ന് കെ.എം മാണി പറഞ്ഞു. മദ്യലോബിയുമായി ചേര്‍ന്ന് പ്രതിപക്ഷം ആരോപണം ഉന്നയിക്കുകയാണ്. ബാര്‍ വിഷയത്തില്‍ എല്ലാ തീരുമാനങ്ങളും മന്ത്രിസഭായോഗം ചേര്‍ന്ന് തീരുമാനിച്ചതാണ്. താന്‍ മാത്രമായി ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും മാണി വ്യക്തമാക്കി.
Comments