പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു.പെട്രോള്‍ ലിറ്ററിന് 2.25 രൂപയും ഡീസലിന് ഒരു രൂപയുമാണ് തീരുവ കൂട്ടിയത്. എന്നാല്‍, ചില്ലറവില്പന വിലയില്‍ ഇത് മാറ്റമുണ്ടാക്കില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണവില കുറഞ്ഞ സാഹചര്യത്തിലാണിത്.
കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ രണ്ടാംതവണയാണ് എക്സൈസ് തീരുവ കൂട്ടുന്നത്. കഴിഞ്ഞമാസം 12-ന് പെട്രോളിനും ഡീസലിനും 1.50 രുപയുടെ വര്‍ധന വരുത്തിയിരുന്നു. ഈ വര്‍ധനയും ചില്ലറ വില്പനയെ ബാധിച്ചിരുന്നില്ല. ഈ കാലയളവില്‍ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയിലുണ്ടായ കുറവ്, വര്‍ധിപ്പിച്ച തീരുവയില്‍ തട്ടിക്കിഴിച്ചതിനാലാണ് ചില്ലറവില്പനയില് പ്രതിഫലിക്കാത്തത്. എണ്ണവില അഞ്ചുവര്‍ഷത്തെ താഴ്ന്നനിരക്കിലാണിപ്പോള്. അസംസ്കൃത എണ്ണവില വീപ്പയ്ക്ക് 67 ഡോളറാണ് നിലവിലെ നിരക്ക്.
Comments