You are Here : Home / News Plus

വിദ്വേഷ പ്രസംഗം:തൊഗാഡിയയെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു

Text Size  

Story Dated: Saturday, December 13, 2014 05:44 hrs UTC

കാഞ്ഞങ്ങാട്: വര്‍ഗീയ സംഘര്‍ഷത്തിന് പ്രേരണ നല്‍കുംവിധം പ്രകോപനപരമായി പ്രസംഗിച്ച കേസില്‍ പ്രതിയായ വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര ജനറല്‍ സെക്രട്ടറി പ്രവീണ്‍ തൊഗാഡിയയെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. 2011 ഏപ്രില്‍ 30നാണ് കേസിനാസ്പദമായ സംഭവം.
ഹോസ്ദുര്‍ഗ് പൊലീസ് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയെ അറസ്റ്റുചെയ്യാനോ ശരിയായ രീതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനോ ഇതുവരെ സാധിച്ചിട്ടില്ല. തൊഗാഡിയയെ അറസ്റ്റുചെയ്യാന്‍ സാധിക്കുന്നില്ലെന്നും എവിടെയാണെന്നത് സംബന്ധിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ളെന്നുമുള്ള പൊലീസ് റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.
2011 ഏപ്രില്‍ 30ന് വൈകീട്ട് നാലിന് കാഞ്ഞങ്ങാട് ടൗണ്‍ഹാള്‍ പരിസരത്ത് നടന്ന ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനത്തിന്‍െറ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് വിവാദ പരാമര്‍ശമുണ്ടായത്. കേസെടുത്തതിനെ തുടര്‍ന്ന് പൊലീസ് കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ കൃത്യമായ തീയതിയോ തൊഗാഡിയയുടെ വിലാസമോ ഉണ്ടായിരുന്നില്ല. ഇക്കാരണത്താല്‍ കോടതി കുറ്റപത്രം തിരിച്ചയച്ചു. പിന്നീട് തിരുത്തലുകള്‍ വരുത്തിയ ശേഷം സമര്‍പ്പിച്ച കുറ്റപത്രം സ്വീകരിച്ചു.
എന്നാല്‍, തൊഗാഡിയയെ അറസ്റ്റ് ചെയ്യാനുള്ള ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി നല്‍കിയ പൊലീസ് റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ കോടതി നേരത്തെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. പക്ഷേ, വാറന്‍റ് നടപ്പാക്കാനാവുന്നില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം പൊലീസ് നല്‍കിയ റിപ്പോര്‍ട്ട്. ഇതിന്‍െറ അടിസ്ഥാനത്തിലാണ് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് രാജീവന്‍, പ്രവീണ്‍ തൊഗാഡിയയെ വാക്കാല്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.