അസമില്‍ ബോഡോ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 43 പേര് കൊല്ലപ്പെട്ടു. പത്തുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അസമിലെ കൊക്രജര്‍ ജില്ലയിലും സോനിത്പുരിലുമായി നാലിടത്താണ് ചൊവ്വാഴ്ച വൈകിട്ട് ആക്രമണം ഉണ്ടായത്. ആദിവാസികള്‍ക്കും ഗ്രാമീണര്‍ക്കും നേരേ തീവ്രവാദികള്‍ വെടിവെക്കുകയായിരുന്നു. മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യത.
തീവ്രവാദിവിഭാഗമായ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡ് (സോങ്ബിജിത്ത്) ആണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. കൊല്ലപ്പെട്ടവരില്‍ നാല് സ്ത്രീകളും ഉള്‍പ്പെടും. 30 പേര് സോനിത്പുരിലും അഞ്ചുപേര്‍ കൊക്രജറിലും മരിച്ചു.
അരുണാചല്‍ പ്രദേശിന്റെ അതിര്‍ത്തിഗ്രാമമായ മൈറ്റാലുബസ്തി പ്രദേശത്തുനിന്ന് 10 മൃതദേഹങ്ങള്‍ പോലീസ് കണ്ടെടുത്തു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കൊക്രജറിലേക്ക് രണ്ട് മന്ത്രിമാരെയും സോനിത്പുരിലേക്ക് മൂന്ന് മന്ത്രിമാരെയും സര്‍ക്കാര്‍ അയച്ചിട്ടുണ്ട്. അതേസമയം, കൊക്രജറില്‍ തീവ്രവാദികള്‍ രണ്ട് സ്ഫോടനങ്ങള്‍ നടത്തിയതായും വിവരമുണ്ട്. ഇതില്‍ മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ആക്രമണങ്ങളെത്തുടര്‍ന്ന് അസമില്‍ പോലീസ് കനത്തജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.
Comments