സി.പി.എം സംസ്ഥാന സമ്മേളനത്തിന് വേദിയാകുന്ന ആലപ്പുഴയില്‍ പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍െറ താക്കീത്. ഗ്രൂപ്പുകള്‍ക്ക് അതീതമായി നേതാക്കളെ ശാസിച്ച പിണറായി, തന്‍െറ പേരില്‍ ആരും ഗ്രൂപ് പ്രവര്‍ത്തനം നടത്തേണ്ടെന്നും മുന്നറിയിപ്പ് നല്കി. കഴിഞ്ഞ ദിവസം ജില്ലാ കമ്മിറ്റി യോഗം കൈയാങ്കളിയുടെ വക്കില്‍ എത്തുകയും സെക്രട്ടറി സി.ബി. ചന്ദ്രബാബു രാജി ഭീഷണി മുഴക്കുകയും ചെയ്ത സാഹചര്യത്തില്‍ സംസ്ഥാന സെക്രട്ടറി അടിയന്തരമായി സെക്രട്ടേറിയറ്റ് വിളിച്ചുചേര്‍ക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. രാവിലെ 11 ഓടെയാണ് ഇതു സംബന്ധിച്ച് ജില്ലാ നേതാക്കള്‍ക്ക് അറിയിപ്പ് എത്തിയത്. യോഗങ്ങളില്‍ സംസാരിക്കുമ്പോള്‍ നേതാക്കള്‍ മിതത്വം പാലിക്കണമെന്ന് പിണറായി പറഞ്ഞു.
പലരുടെയും സംസാരം പാര്‍ട്ടിക്ക് അവമതി ഉണ്ടാക്കുന്നതാണ്. സംസ്ഥാന സമ്മേളനം നടക്കാന്‍ പോകുന്ന ജില്ലയില്‍ നേതാക്കള്‍ ഗ്രൂപ് പ്രവര്‍ത്തനം നടത്തുന്നത് ആശങ്കാജനകമാണ്. ജില്ലാ കമ്മിറ്റി ഓഫിസിനെതിരെ പരാതി ഉണ്ടെങ്കില്‍ അത് സെക്രട്ടറിയുടെ ശ്രദ്ധയില്‍പെടുത്തി പരിഹാരം കാണുകയാണ് വേണ്ടത്. ആലപ്പുഴയിലെയും മറ്റും ഏരിയാ സമ്മേളനങ്ങളില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. ജില്ലാ സമ്മേളനത്തിനുശേഷം ഇതു ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും സംസ്ഥാന സെക്രട്ടറി ഉറപ്പു നല്കി.
Comments