പിണറായിയില്‍ കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ പ്രതിയായ പടന്നക്കര വണ്ണത്താന്‍ വീട്ടില്‍ സൗമ്യയുടെ(28) പേരില്‍ മൂന്നു മരണത്തിലും കൊലക്കുറ്റം ചുമത്തും. ഇതിനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണ് അന്വേഷണസംഘം. നിലവില്‍ രണ്ടു കേസുകളിലാണ് യുവതിയെ പ്രതിചേര്‍ത്തത്. ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയാല്‍ മൂന്നാമത്തെ കേസിലും പ്രതിചേര്‍ക്കുമെന്ന് കേസന്വേഷിക്കുന്ന തലശ്ശേരി സി.ഐ. കെ.ഇ.പ്രേമചന്ദ്രന് പറഞ്ഞു. യുവതിയുടെ മുന്‍ ഭര്‍ത്താവ് കിഷോറിനെ കൊടുങ്ങല്ലൂരില്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യംചെയ്തുവരികയാണ്. സൗമ്യയുടെ കസ്റ്റഡി കാലാവധി ശനിയാഴ്ച അവസാനിക്കും. വൈകുന്നേരം കോടതിയില്‍ ഹാജരാക്കും. യുവതിയുടെ അമ്മ കമല, അച്ഛന് കുഞ്ഞിക്കണ്ണന് എന്നിവരുടെ മരണത്തിലാണ് നിലവില്‍ പ്രതിചേര്‍ത്തത്. മകള്‍ ഐശ്വര്യയുടെ മരണത്തില്‍ പ്രതിയാക്കിയിട്ടില്ല. ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയാല്‍ കോടതിയുടെ അനുമതിയോടെ മകളുടെ മരണത്തിലും പ്രതിയാക്കും. ഇതോടെ പലസമയത്തായി നടന്ന മൂന്നു കൊലക്കേസുകളില്‍ യുവതി പ്രതിയാകും.
Comments