പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് നിയമസഭാ നടപടികള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും തടസപ്പെട്ടു. ബഹളത്തിനിടെ സ്പീക്കറുടെ മൈക്ക് തട്ടിയെടുത്താന്‍ ശ്രമിച്ച വി ശിവന്‍കുട്ടി എം എല്‍ എയെ ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന് ഒരു ദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. എം എല്‍ എമാരായ ബാബു എം പാലിശേരി, പി ശ്രീരാമകൃഷ്ണന്, ആര് രാജേഷ്, ടി വി രാജേഷ് എന്നിവരെ താക്കീത് ചെയ്യും. ബാര്‍ കോഴ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് സബ്മിഷന് അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളമുണ്ടാക്കിയത്. തുടര്‍ന്ന് സഭാ നടപടികള്‍ താത്കാലികമായി നിര്‍ത്തിവച്ചു. പിന്നീട് സഭ ചേര്‍ന്നപ്പോഴും ബഹളം തുടര്‍ന്നതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു.
Comments