You are Here : Home / News Plus

മാധ്യമപ്രവര്‍ത്തകന്‍ ബി.ജി വര്‍ഗീസ് അന്തരിച്ചു

Text Size  

Story Dated: Tuesday, December 30, 2014 05:13 hrs UTC

ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബി.ജി വര്‍ഗീസ് (87) അന്തരിച്ചു. വൈകിട്ട് ഏഴോടെ ഡല്‍ഹി ഫിറോസ്ഷാ റോഡിലെ വസതിയില്‍വെച്ചായിരുന്നു അന്ത്യം. ഹിന്ദുസ്ഥാന്‍ ടൈംസ് (1969^75), ഇന്ത്യന്‍ എക്സ് പ്രസ് (1982^86) എന്നീ ദിനപത്രങ്ങളില്‍ പത്രാധിപരായിരുന്നു. ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ മാധ്യമ ഉപദേഷ്ടാവായും വര്‍ഗീസ് പ്രവര്‍ത്തിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരയെ വിമര്‍ശിച്ചതോടെ ഉപദേഷ്ടാവ് പദവിയില്‍ നിന്ന് പുറത്താക്കി.
1927 ജൂണ്‍ 21ന് തിരുവല്ലയില്‍ ജനിച്ച വര്‍ഗീസ് ദ് ഡൂണ്‍ സ്കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഡല്‍ഹി സെന്‍റ് സ്റ്റീഫന്‍സ് കോളജില്‍ നിന്ന് ധനതത്വശാസ്ത്രത്തില്‍ ബിരുദവും കേംബ്രിഡ്ജ് ട്രിനിറ്റി കോളജില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. ദ് ഡൂണ്‍ സ്കൂള്‍ വിക്ക് ലിയുടെ എഡിറ്ററായും പ്രവര്‍ത്തിച്ചിരുന്നു.
1977ല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാവേലിക്കര മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. മനുഷ്യാവകാശത്തിന് വേണ്ടി നിലകൊണ്ടിരുന്ന വര്‍ഗീസ്, 2002ലെ ഗുജറാത്ത് കലാപത്തെ കുറിച്ച് അന്വേഷിക്കാനുള്ള എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യയുടെ കമ്മീഷനില്‍ അംഗമായിരുന്നു.
1975ല്‍ മാധ്യമ മേഖലയിലെ സമഗ്ര സംഭാവനകള്‍ക്ക് മാഗ്സസെ പുരസ്കാരം ലഭിച്ചു. വാട്ടേഴ്സ് ഓഫ് ഹോപ്പ്, വിന്നിങ് ദ് ഫ്യൂച്ചര്‍ അടക്കം നിരവധി പുസ്തകങ്ങള്‍ വര്‍ഗീസ് രചിച്ചു. ഇന്ത്യന്‍ എക്സ് പ്രസ് ദിനപത്രത്തിന്‍െറ ഉടമ രാംനാഥ് ഗോയങ്കയുടെ ജീവചരിത്രമായ വാരിയര്‍ ഓഫ് ഫോര്‍ത് എസ്റ്റേറ്റ് അദ്ദേഹമാണ് രചിച്ചത്. ഫസ്റ്റ് ഡ്രാഫ്റ്റ്: വിറ്റ്നസ് ടു മേക്കിങ് ഓഫ് മോഡേണ്‍ ഇന്ത്യയാണ് ബി.ജി വര്‍ഗീസിന്‍െറ ആത്മകഥ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.