You are Here : Home / News Plus

അബ്ദുള്‍ഖാദര്‍ എന്ന മനുഷ്യന്‍

Text Size  

Story Dated: Friday, January 16, 2015 03:44 hrs UTC

നിത്യഹരിതനായകന്‍ പ്രേംനസീര്‍ മലയാളികളെ വിട്ടുപിരിഞ്ഞിട്ട് ജനുവരി 16ന്
ഇരുപത്തിയാറു വര്‍ഷം തികയുകയാണ്. ഡാഡിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍
പങ്കുവയ്ക്കുകയാണ് മകന്‍ ഷാനവാസ്
 
ഡാഡി വീട്ടില്‍ പ്രേംനസീര്‍ എന്ന നടനല്ലായിരുന്നു. പകരം അബ്ദുള്‍ഖാദര്‍
എന്ന മനുഷ്യനായിരുന്നു. ഞങ്ങള്‍ നാലു മക്കളായിരുന്നു. ഞാനും മൂന്നു
സഹോദരിമാരും. അവരെയെല്ലാം ലാളിച്ചാണ് വളര്‍ത്തിയത്. എന്നെ സ്ട്രിക്ടായും.
ഏറ്റവും ഇളയ സഹോദരി റീത്തയോടായിരുന്നു ഏറ്റവുമിഷ്ടം. ഞാന്‍
വഴിതെറ്റിപ്പോവുമോ എന്ന സംശയമായിരുന്നു ഡാഡിക്ക്. അന്നേ ഞാന്‍
തലതിരിഞ്ഞതാണ്. അതുകൊണ്ടുതന്നെ ഡാഡിയുടെ ഒരു കണ്ണ് എപ്പോഴും എന്റെ
പുറത്തായിരുന്നു. ഷൂട്ടില്ലാത്തപ്പോള്‍ ഞങ്ങളെയെല്ലാവരും
മറീനാബീച്ചിലേക്ക് കൊണ്ടുപോകും. സിനിമയ്ക്ക് പോകുമെങ്കിലൂം ഡാഡിക്ക് തീരെ
ക്ഷമയില്ല. സിനിമ തീരുന്നതിനു മുമ്പ് എഴുന്നേറ്റുപോകും. അതിനാല്‍
പിന്നീട് ഡാഡി വിളിച്ചാലൂം ഞങ്ങള്‍ പോവില്ല. മദ്രാസില്‍ മിക്കപ്പോഴും
പ്രിവ്യൂ ഷോകള്‍ ഉള്ളതിനാല്‍ തിയറ്ററിലേക്ക് പോകേണ്ട കാര്യമുണ്ടാവാറില്ല.
സ്‌കൂള്‍ അവധിയാണെങ്കില്‍ ഷുട്ടിംഗിന് ഞങ്ങളെയും കൊണ്ടുപോകാറുണ്ട്.
വിദേശയാത്ര പോകുമ്പോള്‍ ചിലപ്പോള്‍ ഞങ്ങളെയും വിളിക്കും. ബന്ധുക്കളുള്ള
മലേഷ്യ, സിംഗപ്പൂര്‍ എന്നീ സ്ഥലത്തേക്കാണ് യാത്രയെങ്കില്‍ മമ്മിയും
കൂടെവരും. അല്ലാത്തിടത്തേക്ക് മമ്മിക്ക് പോകാന്‍ മടിയാണ്.
ഡാഡി സിനിമയിലെത്തിയപ്പോള്‍ യാഥാസ്ഥിതികരായ ചിലരുടെ
പിറുപിറുപ്പുകളുണ്ടായിരുന്നു. എന്നാല്‍ ഡാഡി അതൊന്നും വകവച്ചിരുന്നില്ല.
ആദ്യം എതിര്‍ത്തവര്‍ തന്നെയായിരുന്നു പള്ളിക്കും മറ്റു കാര്യങ്ങള്‍ക്കും
വേണ്ടി ഡാഡിയെ സമീപിച്ചത്. ഈശ്വരവിശ്വാസി ആയിരുന്നെങ്കിലും പള്ളിയില്‍
പോകാന്‍ സമയം കിട്ടിയിരുന്നില്ല. പെരുന്നാള്‍ ദിവസം ഷൂട്ടിംഗില്ലെങ്കില്‍
മറീനാബീച്ചില്‍ എല്ലാവരെയും കൊണ്ടുപോകും. പ്രാര്‍ഥനയില്‍ പങ്കുകൊണ്ടിട്ടേ
മടങ്ങുകയുള്ളൂ. വിശ്വാസിയാണെങ്കിലൂം അന്ധവിശ്വാസി ആയിരുന്നില്ല. എല്ലാ
മതത്തില്‍പ്പെട്ടവര്‍ക്കും ഡാഡി സഹായം നല്‍കാറുണ്ട്.
''എനിക്ക് ദൈവം തരുന്നത് ഞാന്‍ അവര്‍ക്ക് കൊടുക്കുന്നു.''
സഹായത്തെ ഡാഡി നിര്‍വചിച്ചത് ഇങ്ങനെയായിരുന്നു. ആര്‍ക്കും സഹായവും
കൊടുക്കാതെ പണം കൈയില്‍വച്ചിരുന്നെങ്കില്‍ കേരളത്തിന്റെ മുക്കാല്‍ഭാഗവും
വാങ്ങിച്ചേനെ.
ഇന്നത്തെപ്പോലെയൊന്നുമല്ല, അന്ന്. ഒപ്പം അഭിനയിക്കുന്നവര്‍ തമ്മില്‍
ആത്മാര്‍ഥസൗഹൃദമായിരുന്നു. ഷീലാമ്മ, ശാരദാമ്മ, കെ.പി.ഉമ്മര്‍, ബഹദൂര്‍
എന്നിവരുടെ വീടുകളില്‍ ഇടയ്‌ക്കൊക്കെ ഞങ്ങള്‍ പോകുമായിരുന്നു.
ഷൂട്ടിംഗില്ലാത്ത ദിവസങ്ങളില്‍ അവരിങ്ങോട്ടും വരും. ഒന്നിച്ചു കണ്ടാല്‍
ഹലോ പറഞ്ഞ് പിരിയുന്നവരാണ് ഇന്നത്തെ മിക്ക താരങ്ങളും. തരംകിട്ടിയാല്‍
പിന്നില്‍ നിന്നു കുത്തും. അന്നത്തെ താരങ്ങള്‍ ജന്മദിനത്തിനും
വിവാഹത്തിനും മരണത്തിനുമൊക്കെ ഒന്നിച്ചുചേരും. അതൊരു നന്മയുള്ള
കൂട്ടായ്മയായിരുന്നു. ഇന്ന് സിനിമ ബിസിനസായി മാറി. ഒപ്പമുള്ളവനെ എങ്ങനെ
വെട്ടാമെന്നാണ് പലരുടെയും ആലോചന. ഒപ്പം അഭിനയിക്കുന്ന താരത്തിന് സീന്‍
കുറവാണെങ്കില്‍ ഇക്കാര്യം സംവിധായകനോട് പറഞ്ഞ് നായകനൊപ്പം പ്രാധാന്യമുള്ള
റോള്‍ വാങ്ങിച്ചുകൊടുക്കാനാണ് ഡാഡിയൊക്കെ ശ്രമിച്ചത്. ജയനെപ്പോലുള്ള
നടന്‍മാരെ ഡാഡി ഒരുപാടു സഹായിച്ചിട്ടുണ്ട്.
ഇരുപത്തിനാലു മണിക്കൂറും തിരക്കുള്ളയാളായിരുന്നു ഡാഡി. എന്റെ വിവാഹദിവസം
മുഹൂര്‍ത്തത്തിനും അഞ്ചു മിനുട്ടു മുമ്പാണ് ഡാഡിയെത്തിയത്. പതിനഞ്ചു
മിനുട്ടു കഴിഞ്ഞപ്പോഴേക്കും പോയി. ഡാഡിയുടെ തിരക്കിനെക്കുറിച്ച്
അറിയാവുന്നതിനാല്‍ ഞങ്ങള്‍ക്ക് പരിഭവമുണ്ടായിരുന്നില്ല. മമ്മി
പറയാറുണ്ട്, ഡാഡിയുടെ ജോലിയാണ് അഭിനയം. അതുകൊണ്ട് അതു
തടസ്സപ്പെടുത്തരുതെന്ന്. അതിനാല്‍ വീട്ടുകാര്യങ്ങളെല്ലാം നോക്കിയത്
മമ്മിയായിരുന്നു. ഞാനും ഇളയ സഹോദരിയും ബോര്‍ഡിംഗിലാണ് പഠിച്ചിരുന്നത്.
വര്‍ഷത്തിലൊരിക്കല്‍ ഒരു മാസത്തെ അവധിക്കു മാത്രമേ ഞങ്ങള്‍
വീട്ടിലെത്തിയിരുന്നുള്ളൂ. അതില്‍ പതിനഞ്ചു ദിവസവും ചിറയിന്‍കീഴിലെ
തറവാട്ടിലായിരിക്കും. ബാക്കിയുള്ള ദിവസമാണ് മദ്രാസിലുണ്ടാവുക.
അതിനിടയ്ക്ക് ഡാഡിയെ കണ്ടാല്‍ ഭാഗ്യം. സേലത്തിനടുത്ത് ഏര്‍ക്കാടായിരുന്നു
എന്റെയും സഹോദരിയുടെയും സ്‌കൂള്‍. ഊട്ടി പോലുള്ള ഹില്‍ സ്‌റ്റേഷനാണത്.
ചില സിനിമകള്‍ അവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്. ഷൂട്ടിംഗിനായി
അവിടെയെത്തുമ്പോള്‍ ഡാഡി ഞങ്ങളെക്കാണാന്‍ സ്‌കൂളിലേക്കുവരും. 1989ലാണ്
ഡാഡിയുടെ മരണം.  മരിച്ചിട്ട് ഇരുപത്തിയാറ് വര്‍ഷമായെങ്കിലും ഇപ്പോഴും
തൊട്ടടുത്തുതന്നെയുണ്ടെന്ന് തോന്നിപ്പോകാറുണ്ട്, പലപ്പോഴും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.