You are Here : Home / News Plus

രാജപക്സെയെ വീഴ്ത്തിയതില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് സൂചന

Text Size  

Story Dated: Sunday, January 18, 2015 05:04 hrs UTC

കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ രാജപക്സെയെ വീഴ്ത്തിയതില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് സൂചന. രഹസ്യാന്വേഷണ ഏജന്‍സിയായ റോയെ ഇതിനു ഉപയോഗിച്ചതായാണ് അഭ്യൂഹം.. രാജപക്സെ ചൈനയുമായി അടുക്കുന്നതു ഇന്ത്യക്ക് ഭീഷണി ആകുമെന്ന തിരിച്ചറിയലാണത്രേ കാരണം.
പ്രതിപക്ഷവുമായി കൂടുതല്‍ അടുപ്പം കാട്ടുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് കൊളംബോയിലെ റോ ഏജന്‍റിനെ തിരിച്ചു വിളിക്കാന്‍ ശ്രീലങ്ക ആവശ്യപ്പെടുകയും തെരഞ്ഞെടുപ്പിന് ഒരു മാസം മുമ്പ് ഇന്ത്യ ഉദ്യോഗസ്ഥനെ മാറ്റിയതായും റിപ്പോര്‍ട്ടുണ്ട് . എന്നാല്‍ സാധാരണ നിലയിലുള്ള സ്ഥലം മാറ്റമാണതെന്നും അസ്വാഭാവികത ഒട്ടുമില്ലെന്നുമാണ് വിദേശകാര്യ വകുപ്പിന്‍റെ നിലപാട് .
ഇന്ത്യന്‍ ഏജന്‍സിക്ക് പ്രതിപക്ഷവുമായി അടുത്ത ബന്ധമുണ്ടെന്ന് ചില ശ്രീലങ്കന്‍ പത്രങ്ങള്‍ ഡിസംബറില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജപക്സെയെ തോല്‍പ്പിച്ച പുതിയ പ്രസിഡന്‍റ് മൈത്രിപാല സിരിസേനയുമായി റോ ഉദ്യോഗസ്ഥന്‍ നിരന്തര ബന്ധം പുലര്‍ത്തിയിരുന്നുവത്രേ. രാജപക്സെയുടെ പക്ഷത്തു നിന്ന് കൂടുതല്‍ പേരെ അടര്‍ത്തിയെടുക്കുന്നതിനു ഇദ്ദേഹം സഹായിച്ചു. മുന്‍ പ്രസിഡന്‍റ് ചന്ദ്രിക കുമാരതുംഗെ, മുന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ എന്നിവരെ റോ എജന്‍്റ് കണ്ടതായും റിപ്പോര്‍ട്ടുകളുണ്ട് .
ഇന്ത്യയുടെ തെക്ക് ഭാഗത്ത് ഏറ്റവും തന്ത്രപ്രധാന മേഖലയില്‍ ചൈനീസ് സാന്നിധ്യം അടുത്തയിടെ വര്‍ധിച്ചു വരുന്നത് ആശങ്കയോടെയാണ് രാജ്യം നിരീക്ഷിച്ചത്. രണ്ടു ചൈനീസ് അന്തര്‍വാഹിനികള്‍ക്ക് ലങ്കന്‍ തീരത്ത് നങ്കൂരമിടാന്‍ രാജപക്സെ സര്‍ക്കാര്‍ അനുമതി കൊടുത്തിരുന്നു. രാജപക്സെ എട്ടു കൊല്ലത്തിനിടയില്‍ ഏഴു തവണയാണ് ചൈന സന്ദര്‍ശിച്ചത്. മേഖലയില്‍ ഇന്ത്യക്ക് ഏറ്റവും ഭീഷണിയായ രാജ്യവുമായുള്ള ഈ അടുപ്പം ഇന്ത്യ അതീവ ഗൗരവമായി എടുത്തിരുന്നു. തെരഞ്ഞെടുപ്പില്‍ അത് സമര്‍ഥമായി പ്രവര്‍ത്തിച്ചു എന്നാണ് ഫലം വ്യക്തമാക്കുന്നത്.
പുതിയ പ്രസിഡന്‍്റ് സിരിസേനയെ സ്ഥാനമേറ്റു ആറു മണിക്കൂറിനുള്ളില്‍ ഇന്ത്യന്‍ ഹൈ കമ്മിഷണര്‍ വി കെ സിന്‍ഹ സന്ദര്‍ശിച്ച് ആശംസ നേര്‍ന്നു. ഇതേ സമയം, ചൈനീസ് അംബാസര്‍ക്ക് അനുമതി കിട്ടിയത് ആറു ദിവസം കഴിഞ്ഞാണ്. താന്‍ ആദ്യം സന്ദര്‍ശിക്കുന്ന രാജ്യം ഇന്ത്യ ആയിരിക്കുമെന്ന് പ്രസിഡന്‍റ് സിരിസേന കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.