തിരുവനന്തപുരം: ബാര്‍ കോഴ ആരോപണം സംബന്ധിച്ച പ്രധാന തെളിവുകള്‍ കോടതിയില്‍ ഹാജരാക്കുമെന്ന് ബാറുടമ ബിജു രമേശ്. വിജിലന്‍സില്‍ വിശ്വാസമില്ല. വിജിലന്‍സിന്റെ കയ്യില്‍ നിന്നും തെളിവുകള്‍ ചോരുന്നുണ്ടെന്നതിനാലാണ് കോടതിയില്‍ ഹാജരാക്കുന്നത്. താന്‍ മൊഴി നല്കി ഇറങ്ങിയ ഉടന്‍ തന്നെ അക്കാര്യങ്ങള്‍ പുറത്ത് ചര്‍ച്ച ചെയ്യപ്പെട്ടതായി അറിവ് ലഭിച്ചു.
വിഷയത്തില്‍ കെ.എം മാണി പാലായിലുള്ള വീട്ടില്‍ വെച്ച് സംസാരിക്കുന്നതിന്റെ ശബ്ദരേഖ തന്റെ കയ്യിലുണ്ട്. ചീഫ് വിപ്പ് പി.സി ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ സമ്മര്‍ദ്ദം ചെലുത്തിയതിന്റെയും സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെയും രേഖകളും കൈവശമുണ്ട്. കോണ്‍ഗ്രസിലെ പല പ്രമുഖരും തന്നെ വിളിച്ചിരുന്നു. ഫോണ്‍ സംഭാഷണങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തിയത് ചാനല്‍ ചര്‍ച്ചയില്‍ പി.സി ജോര്‍ജ് പറഞ്ഞതെല്ലാം അസത്യമാണെന്ന് തെളിയിക്കാനാണെന്നും ബിജു വ്യക്തമാക്കി.
വിഷയത്തില്‍ ബാര്‍ അസോസിയേഷന് അംഗങ്ങള്‍ മൊഴിമാറ്റി പറഞ്ഞത് എന്തിനെന്ന് നാളെ വിജിലന്‍സില്‍ വ്യക്തമാക്കും. കാബിനറ്റ് പദവിയുള്ളയാളും കോണ്‍ഗ്രസിന്റെ ഘടകകക്ഷിയിലെ ചെയര്‍മാനുമാനുമായ ബാലകൃഷ്ണപിള്ളയുടെ സംഭാഷണമാണ് പുറത്തുവിട്ടത്. അതില്‍ അദ്ദേഹമാണ് കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തിയത്. അക്കാര്യങ്ങള്‍ എങ്ങനെ മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കും നിഷേധിക്കാന്‍ കഴിയും. മാണിയുടെ ശബ്ദരേഖ ഉള്‍പ്പെടെയുള്ള തെളിവുകള്‍ പുറത്തുവിട്ടാല്‍ തന്റെ സുരക്ഷക്കു തന്നെ പ്രശ്നമുണ്ടാകുമെന്നും ബിജു രമേശ് മാധ്യമങ്ങളോട് പറഞ്ഞു.
Comments