You are Here : Home / News Plus

മത്സരങ്ങള്‍ സമാപിച്ചു;54 സ്വര്‍ണവുമായി കേരളം രണ്ടാം സ്ഥാനത്ത്

Text Size  

Story Dated: Friday, February 13, 2015 06:44 hrs UTC

തിരുവനന്തപുരം: 35ാമത് ദേശീയ ഗെയിംസ് മത്സരങ്ങള്‍ സമാപിച്ചു. മത്സരങ്ങളുടെ സമാപന ദിനമായ വെള്ളിയാഴ്ച 17 സ്വര്‍ണമടക്കം മെഡലുകള്‍ വാരിക്കൂട്ടിയ കേരളം, സര്‍വീസസിന് പിന്നില്‍ രണ്ടാമതായി ഫിനിഷ് ചെയ്തു. 54 സ്വര്‍ണമാണ് ഗെയിംസില്‍ കേരളത്തിന്‍െറ മൊത്തം സ്വര്‍ണനേട്ടം. 27 വര്‍ഷത്തിന് ശേഷം ആതിഥേയത്വം വഹിച്ച ഗെയിംസ് കേരളം അവിസ്മരണീയമാക്കി. 54 സ്വര്‍ണത്തിന് പുറമെ 48 വെള്ളിയും 60 വെങ്കലവും അടക്കം 162 മെഡലുകള്‍ കേരളം സ്വന്തമാക്കി. ഒന്നാം സ്ഥാനത്തുള്ള സര്‍വീസസ് 91 സ്വര്‍ണമാണ് നേടിയത്. 33 വെള്ളിയും 35 വെങ്കലവും ചേര്‍ത്ത് ആകെ 159 മെഡലുകളാണ് സര്‍വീസസ് നേടിയത്. മൂന്നാം സ്ഥാനത്തുള്ള ഹരിയാനക്ക് 40 സ്വര്‍ണമടക്കം 107 പതക്കങ്ങളാണ് ലഭിച്ചത്.
അത് ലറ്റിക്‌സില്‍ മിന്നുന്ന പ്രകടനമാണ് കേരളം കാഴ്ചവെച്ചത്. 4X400 മീറ്റര്‍ റിലേ വനിതാ വിഭാഗത്തില്‍ കേരളം സ്വര്‍ണം നേടി. 3.35.27 എന്ന സമയമെടുത്ത് മീറ്റ് റെക്കോര്‍ഡോടെയാണ് കേരള വനിതകള്‍ സ്വര്‍ണം കരസ്ഥമാക്കിയത്. ആദ്യ ലാപ്പില്‍ കുറച്ചു പിന്നിലായിരുന്ന കേരള ടീമിനെ രണ്ടാം ലാപ്പില്‍ ടിന്‍റു ലൂക്ക മുന്നിലെത്തിക്കുകയായിരുന്നു.
പുരുഷന്‍മാരുടെ 4X400 മീറ്റര്‍ റിലേയില്‍ കേരളത്തിന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ജോസഫ് എബ്രഹാം, മനു, സിനു, മുഹമ്മദ് അനസ് എന്നിവരടങ്ങിയ ടീമാണ് വെങ്കലം നേടിയത്. മൂന്നാമത്തെ ലാപ്പില്‍ ഏറെ മുന്നിലായിരുന്ന കേരളത്തിന് ആ പ്രകടനം നാലാം ലാപ്പില്‍ നിലനിര്‍ത്താനാന്‍ സാധിച്ചില്ല.
വനിതാവിഭാഗം ബാസ്കറ്റ് ബാളില്‍ കേരളം വിജയിച്ചു. വനിതകളുടെ ട്രിപ്പ്ള്‍ ജംപില്‍ എന്‍.വി ഷീന, പുരുഷന്‍മാരുടെ 60 കിലോ ബോക്സിങ്ങില്‍ കുല്‍വിന്ദര്‍, എന്നിവരും കേരളം സ്വര്‍ണം നേടി. വനിതാ ട്രിപ്പ്ള്‍ ജംപ് വിഭാഗത്തില്‍ വെള്ളിയും വെങ്കലവും കേരളത്തിനാണ്. വെള്ളി അമിതാ ബേബിക്കും വെങ്കലം എം.എ പ്രജുഷക്കുമാണ്. പുരുഷന്‍മാരുടെ 91 കിലോ ബോക്സിങ്ങിലും കേരളത്തിനാണ് സ്വര്‍ണം. സന്ദീപ് ചിക്കാരയാണ് കേരളത്തിനുവേണ്ടി സ്വര്‍ണം ഇടിച്ചിട്ടത്.
വനിതാ വോളിയിലും സൈക്ളിങ്ങിലും കേരളം സ്വര്‍ണം നേടി. കോഴിക്കോട് നടന്ന വനിതാ വോളി ഫൈനലില്‍ കര്‍ണാടകത്തെ തോല്‍പ്പിച്ചാണ് കേരളം ഫൈനലില്‍ വിജയികളായത്. സ്കോര്‍: 25^19,23^25, 26^24,25^12.
സൈക്ളിംഗില്‍ കെറിന്‍ വിഭാഗത്തിലാണ് കേരളം വിജയികളായത്. ഈയിനത്തില്‍ വെള്ളിയും വെങ്കലവും കേരളത്തിനാണ്. കെസിയ വര്‍ഗീസിനാണ് സ്വര്‍ണം. വി. രജനി, ലിഡിയ മോള്‍ എന്നിവരാണ് യഥാക്രമം വെള്ളിയും വെങ്കലവും കരസ്ഥമാക്കിയത്.
800 മീറ്ററില്‍ പുരുഷ-വനിതാ വിഭാഗങ്ങളില്‍ കേരളം ഒന്നാം സ്ഥാനത്തെ ത്തി. വനിതാ വിഭാഗത്തില്‍ ടിന്‍റു ലൂക്കക്കാണ് സ്വര്‍ണം. 2.01.86 എന്ന സമയത്തിലാണ് ടിന്‍റു മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയത്. 1997ല്‍ റോസക്കുട്ടി സ്ഥാപിച്ച റെക്കോര്‍ഡാണ് ടിന്‍റു സ്വന്തം പേരില്‍ കുറിച്ചത്. ഈയിനത്തില്‍ കേരളത്തിന്‍െറ സിനി മാര്‍ക്കോസ് വെങ്കലം നേടി. പുരുഷ വിഭാഗത്തില്‍ സജീഷ് ജോസഫ് സ്വര്‍ണം നേടി. സമയം 1.53.68 സെകന്‍ഡ്. ഈയിനത്തില്‍ കേരളത്തിന്‍െറ മുഹമ്മദ് അഫ്സലിനാണ് വെള്ളി.
വനിതകളുടെ 200 മീറ്ററില്‍ കേരളത്തിന്‍െറ വി ശാന്തിന് സ്വര്‍ണം നേടി. 24.11 ആണ് ശാന്തിനിയുടെ സമയം. കേരളത്തിന്‍െറ തന്നെ അനില്‍ഡ തോമസ് വെള്ളി നേടി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.