ന്യൂഡല്‍ഹി: നിര്‍ബന്ധിത മതപരിവര്‍ത്തനം, ക്രിസ്ത്യന്‍ പള്ളികള്‍ക്കു നേരെയുളള ആക്രമണം എന്നീ സംഭവത്തില്‍ കേരളം അടക്കമുളള സംസ്ഥാനങ്ങള്‍ക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍െറ നോട്ടീസ്. നാലാഴ്ചക്കുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന് സ്വയം നടപടി സ്വീകരിക്കുകയായിരുന്നു.
കേരളം, തമിഴ്നാട്, കര്‍ണാടകം, ഛത്തീസ്ഗഡ്, മധ്യപ്രദേശ് സര്‍ക്കാരുകളോടാണ് മനുഷ്യാവകാശ കമ്മീഷന് വിശദീകരണം തേടിയിട്ടുള്ളത്. മത സ്വാതന്ത്ര്യത്തിനു മേലുളള കയ്യേറ്റമാണ് സംസ്ഥാനങ്ങളില്‍ ഉണ്ടായിരിക്കുന്നതെന്ന് കമ്മീഷന് വിലയിരുത്തി. സംഭവം തടയാന്‍ എന്തൊക്കെ നടപടി സ്വീകരിച്ചുവെന്ന് സംസ്ഥാനങ്ങള്‍ വിശദീകരിക്കണമെന്നും നോട്ടീസില്‍ പറയുന്നു.
ഘര്‍ വാപസിയുടെ ഭാഗമായി കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ വി.എച്ച്.പിയുടെ നേതൃത്വത്തില്‍ മതപരിവര്‍ത്തന ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നു. കായംകുളം, കോട്ടയം, പൊന്‍കുന്നം എന്നിവിടങ്ങളിലാണ് ചടങ്ങുകള്‍ നടന്നത്. അമ്പതോളം പേര് ഹിന്ദു മതത്തിലേക്ക് മടങ്ങിയെന്നാണ് വി.എച്ച്.പി അവകാശപ്പെടുന്നത്.
Comments