ദേശീയ ഗെയിംസ് നടത്തിപ്പ് കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്തിപ്പിന്റെ മാതൃകയില്‍ അഴിമതിയുടെ കുംഭമേളയാക്കി മാറ്റാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് ആരോപിച്ചു. ഇതുവഴി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കേരളത്തിലെ സുരേഷ് കല്മാഡിമാരാകാന് ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഗെയിംസ് നടത്തിപ്പിന് മുന്നോടിയായി കൂട്ടയോട്ടം സംഘടിപ്പിക്കുന്നതിന്റെ ചുമതല ഒരുമാധ്യമ സ്ഥാപനത്തിന്റെ ഇവന്റ് മാനേജ്മെന്റ് ടീമിന് 10 കോടിയിലേറെ രൂപ നല്കി ഏല്‍പ്പിച്ചിരിക്കുന്നത് ഇതിന്റെ തുടക്കമാണ്. രാജ്യാന്തര പ്രശസ്തനായ സച്ചിന് ടെന്‍ഡുല്‍ക്കര്‍ ബ്രാന്റ് അംബാസഡറായ ദേശീയ ഗെയിംസിന്റെ കൂട്ടയോട്ടം ഇങ്ങനെയൊരു ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പിനെ ഏല്‍പ്പിക്കാതെ തന്നെ ജനങ്ങള്‍ ഏറ്റെടുക്കുന്നതാണ്. അത് ഒരു ഇവന്റ് മാനേജ്മെന്റ് ടീമിന് നല്‍കിയതിന് ഒരു ന്യായീകരണവുമില്ല. സച്ചിന് ടെന്ഡുല്ക്കരെ കൊണ്ടുവരുന്നതുപോലും ഈ സ്ഥാപനങ്ങള്ക്കായിട്ടാണെന്ന സന്ദേശം നല്‍കുന്നത് കേരളീയരെ അപമാനിക്കുന്നതിന് തുല്യമാണ്. അതുകൊണ്ട് ഇത്രയേറെ പണം ചെലവഴിച്ച് ഒരു സ്വകാര്യസ്ഥാപനത്തെ സഹായിക്കാനുള്ള ശ്രമം ദുരൂഹമായി തുടരുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Comments