കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തെ പരിഹസിച്ച് കേരള കോണ്‍ഗ്രസ്-ബി ചെയര്മാന് ആര്.ബാലകൃഷ്ണപിള്ള രംഗത്ത്. വീക്ഷണം അച്ചടിക്കുന്നുണ്ടോ എന്നും മറ്റ് മാധ്യമങ്ങള്‍ വാര്ത്തയാക്കിയിരുന്നില്ലെങ്കില് വീക്ഷണത്തില്‍ തനിക്കെതിരേ വന്ന ലേഖനം ആരെങ്കിലും കാണുമായിരുന്നോ എന്നും പിള്ള ചോദിച്ചു. കൊട്ടാരക്കരയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
താന്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുന്നവനാണെന്ന് പറഞ്ഞ വീക്ഷണം, താനും കൂടി കൂടിയാണ് കൊമ്പ് വളര്‍ത്തിയതെന്ന് മറക്കരുതെന്നും പിള്ള പറഞ്ഞു. വെള്ളാപ്പള്ളി നടേശനെയും കോണ്‍ഗ്രസ് നേതാവ് എം.എം.ഹസനെയും പിള്ള പരിഹസിച്ചു. താന്‍ മുന്നോക്ക വികസന കോര്പ്പറേഷന് സ്ഥാനം രാജിവെയ്ക്കണമെന്ന് പറഞ്ഞ വെള്ളാപ്പള്ളി രണ്ടു ദിവസം കൂടി കാത്തിരിക്കണമെന്നും അദ്ദേഹമാണല്ലോ എന്നെ സ്ഥാനം ഏല്‍പ്പിച്ചതെന്നും പരിഹസിച്ചു. യുഡിഎഫുമായുള്ള വൈകാരിക ബന്ധത്തില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് പറഞ്ഞ ഹസനെയും പിള്ള പരിഹസിച്ചു. മഹാത്മ ഹസന് താന്‍ മറുപടി പറയാന്‍ ആളല്ലെന്നും മഹാത്മാഗാന്ധി കഴിഞ്ഞാല്‍ പിന്നെ അദ്ദേഹമാണല്ലോ എന്നും പിള്ള ചോദിച്ചു.
28ന് ചേരുന്ന യുഡിഎഫ് യോഗം തന്നെ പുറത്താക്കട്ടെയെന്ന് പിള്ള വീണ്ടും വെല്ലുവിളിച്ചു.
Comments