തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ 'ലാലിസം' അവതരിപ്പിക്കുന്നതിനായി പ്രതിഫലം വാങ്ങിയിട്ടില്ലെന്ന് നടന് മോഹന്‍ലാല്‍. രണ്ട് കോടി വാങ്ങിയത് തനിക്ക് പ്രതിഫലമായിട്ടല്ല. ഷോയുടെ നടത്തിപ്പിനും ഷോയിലെ മറ്റു കലാകാരന്മാരുടെ ചെലവിനും വേണ്ടിയാണെന്നും ലാല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ലാലിസം എന്ന മ്യൂസിക് ബാന്‍ഡിന്‍െറ അരങ്ങേറ്റത്തിന് സര്‍ക്കാര്‍ രണ്ട് കോടി അനുവദിച്ചു എന്ന് സംവിധായകന് വിനയനാണ് ഫേസ്ബുക്കില്‍ പറഞ്ഞത്. സച്ചിന് ടെന്‍ഡുല്‍ക്കര്‍ പ്രതിഫലം വാങ്ങാതെ ദേശീയ ഗെയിംസിനായി പ്രവര്‍ത്തിക്കുമ്പോഴാണ് ലാല്‍ പണം വാങ്ങുന്നതെന്നും വിനയന് വിമര്‍ശിച്ചിരുന്നു.
ദേശീയ ഗെയിംസിന് മുന്നോടിയായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനൊപ്പമാണ് ലാല്‍ മാധ്യമങ്ങളെ കണ്ടത്. കേരളത്തില്‍ എന്തുകാര്യവും അനാവശ്യമായ വിവാദത്തിലേക്ക് എത്തിക്കുന്നത് പതിവാണെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. ഇത്തരം വിമര്‍ശങ്ങളേയും അത്തരത്തില്‍ കണ്ടാല്‍ മതിയെന്നും മന്ത്രി വ്യക്തമാക്കി.
Comments